ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആര്‍.ടി.സി പ്രത്യേക ബജറ്റ് ടൂറിസം ആരംഭിക്കും-മന്ത്രി

By :  Sub Editor
Update: 2025-01-27 10:12 GMT

കാസര്‍കോട്: ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആര്‍.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതി ആരംഭിക്കുമെന്നും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് സാധ്യതപഠനം നടത്തുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ജില്ലാ പഞ്ചായത്ത് ജില്ലാ വ്യവസായ കേന്ദ്രവുമായി ചേര്‍ന്ന സംഘടിപ്പിച്ച 'ഖല്‍ബിലെ ബേക്കല്‍' ഹാപ്പിനെസ് ഫെസ്റ്റിവലില്‍ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ കെട്ടിടത്തില്‍ ഒഴിഞ്ഞുകിടക്കുന്ന മുറികള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇതര ഓഫീസുകള്‍ക്കുമായി അനുവദിക്കുമെന്നും സമഗ്ര പഠനത്തിന് കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടര്‍ കാസര്‍കോട് എത്തുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിലെ എം.എല്‍.എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ആവശ്യപ്പെട്ടതനുസരിച്ചാണ് നടപടി. അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അബ്ബാസ് ബീഗം, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന്‍, സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ബാലചന്ദ്ര ഹെബ്ബാര്‍, മണികണ്ഠന്‍ മേലത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ എന്നിവര്‍ സംസാരിച്ചു. സാമൂഹ്യ ശാസ്ത്രമേള ശാസ്ത്രമേള, പ്രവര്‍ത്തിപരിചയമേള എന്നിവയില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. വ്യവസായ സംരംഭകരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥരായ ആദില്‍ മുഹമ്മദ്, കെ. നിതിന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നവീന ആശയങ്ങള്‍ ആവിഷ്‌കരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പുരസ്‌കാരം നേടിയ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍, കാര്‍ഷിക രംഗത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ബാലചന്ദ്രന്‍, പ്രമുഖ വ്യവസായ സംരംഭകന്‍ മണികണ്ഠന്‍ മേലത്ത് തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്ക് മന്ത്രി ഗണേഷ് കുമാര്‍ ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം നല്‍കി.


Similar News