അണങ്കൂരിലെ പ്ലൈവുഡ് മാളില്‍ തീപിടിത്തം

By :  Sub Editor
Update: 2025-02-25 09:12 GMT

അണങ്കൂരില്‍ പ്ലൈവുഡ് മാളിലുണ്ടായ തീപിടിത്തം

കാസര്‍കോട്: അണങ്കൂരിലെ എം.ആര്‍.സി പ്ലൈവുഡ് മാളില്‍ തീപിടിത്തം. പി.വി.ആര്‍ ബോര്‍ഡുകള്‍, ജിപ്‌സം ബോര്‍ഡുകള്‍, പ്ലൈവുഡുകള്‍ എന്നിവ അടക്കം കത്തി നശിച്ചു.

തീപിടിത്തം ഉണ്ടായ സമയത്ത് ഇവിടെ ജീവനക്കാരുണ്ടായിരുന്നില്ല. ഇതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടല്‍ കൂടുതല്‍ തീ പടരുന്നത് ഒഴിവാക്കി. സമീപത്ത് ഇലക്ട്രിക് ടൂവീലര്‍ ഷോറൂം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു.

ഇവിടേക്ക് തീ പടരുന്നത് തടയാന്‍ സാധിച്ചു. സമീപത്ത് വാടക ക്വാര്‍ട്ടേഴ്‌സും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ മാലിന്യം കത്തിക്കുമ്പോള്‍ തീപൊരി പ്ലൈവുഡ് മാളിലേക്ക് പാറിയാണ് തീപിടിത്തമുണ്ടായതെന്നാണ് സംശയിക്കുന്നത്. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.


Similar News