'രാഷ്ട്രത്തിന് ഒരു ധീരനായ പൈലറ്റിനെ നഷ്ടപ്പെട്ടു': തേജസ് ജെറ്റ് അപകടത്തില്‍ മരിച്ച നമാംശ് സ്യാലിന് അനുശോചനാ പ്രവാഹം

വിയോഗ വാര്‍ത്ത 'അങ്ങേയറ്റം ഹൃദയഭേദകമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സുഖു;

Update: 2025-11-22 10:12 GMT

ന്യൂഡല്‍ഹി: വെള്ളിയാഴ്ച ദുബായ് എയര്‍ഷോയില്‍ തേജസ് യുദ്ധവിമാനം തകര്‍ന്ന് മരിച്ച വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിന്റെ വിയോഗത്തില്‍ അനുശോചനാ പ്രവാഹം. വീര്യമൃത്യു വരിച്ച വിങ് കമാന്‍ഡര്‍ നമാംശ് സ്യാലിന്റെ ഓര്‍മയില്‍ സ്വദേശമായ ഹിമാചല്‍പ്രദേശിലെ കാംഗ്ര ജില്ലയിലെ പട്യാലക്കാട് ഗ്രാമം. നാടിനെയാകെ കണ്ണീരിലാഴ്ത്തി നമാംശ് സ്യാല്‍ വിടപറയുമ്പോഴും ധീരനായ മകനെയോര്‍ത്ത് അഭിമാനിക്കുകയാണ് അവര്‍. അച്ചടക്കത്തിന്റെയും മികച്ച സേവനത്തിന്റെയും പര്യായമായിരുന്ന നമാംശ് സ്യാല്‍, അവസാന നിമിഷം വരെയും തന്റെ കര്‍ത്തവ്യങ്ങള്‍ ഏറ്റവും ഉത്തരവാദിത്തത്തോടെ നിറവേറ്റിയെന്ന് പ്രിയപ്പെട്ടവര്‍ അനുസ്മരിച്ചു.

കാംഗ്ര ജില്ലയില്‍ നിന്നുള്ള ഉദ്യോഗസ്ഥന്റെ മരണത്തില്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സുഖു ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത 'അങ്ങേയറ്റം ഹൃദയഭേദകമാണ്. രാഷ്ട്രത്തിന് ഒരു ധീരനായ പൈലറ്റിനെ നഷ്ടപ്പെട്ടു. ദുഃഖിതരായ കുടുംബാംഗങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. നമാന്‍ഷ് സ്യാലിന്റെ അദമ്യമായ ധീരതയ്ക്കും, കടമയോടുള്ള സമര്‍പ്പണത്തിനും, ദേശീയ സേവനത്തോടുള്ള പ്രതിബദ്ധതയ്ക്കും ഞാന്‍ ഹൃദയംഗമമായ ആദരാഞ്ജലി അര്‍പ്പിക്കുന്നു' എന്നാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞത്.

നടന്‍ കമല്‍ ഹാസനും അനുശോചനം അറിയിച്ചു. നമ്മുടെ വ്യോമസേനയായ തേജസിന്റെ അഭിമാനം പ്രകടിപ്പിച്ചുകൊണ്ട് ജീവന്‍ നല്‍കിയ പൈലറ്റിന് അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ ധീരനായ ഒരു പുത്രനെ വളരെ പെട്ടെന്ന് തന്നെ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം. അളക്കാനാവാത്ത ദുഃഖത്തിന്റെ ഈ നിമിഷത്തില്‍ ഇന്ത്യ നിങ്ങളോടൊപ്പം നില്‍ക്കുന്നു,' എന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച ദുബായ് മീഡിയ ഓഫീസ് 'പൈലറ്റിന്റെ ദാരുണമായ മരണം' പ്രഖ്യാപിക്കുകയും അടിയന്തര സംഘങ്ങളും അഗ്‌നിശമന സേനയും സംഭവത്തില്‍ ഉടനടി പ്രതികരിച്ചതായി അറിയിക്കുകയും ചെയ്തു.

'അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി' ഒരു അന്വേഷണ കോടതി രൂപീകരിക്കുകയാണെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. 'ജീവന്‍ നഷ്ടപ്പെട്ടതില്‍ അഗാധമായി ഖേദിക്കുന്നുവെന്നും ഈ ദുഃഖസമയത്ത് ദുഃഖിതരായ കുടുംബത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും' ഐഎഎഫ് പറഞ്ഞു.

ഐഎഎഫ് തേജസ് പൈലറ്റിന്റെ മരണത്തില്‍ ഇന്ത്യയുടെ പ്രതിരോധ മേധാവി ജനറല്‍ അനില്‍ ചൗഹാനും ഖേദം പ്രകടിപ്പിച്ചു.

എക്സിലെ ഒരു പോസ്റ്റില്‍, ഐഡിഎസ് ഇങ്ങനെ കുറിച്ചു;

ഇന്ന് ദുബായ് എയര്‍ ഷോയില്‍ നടന്ന വ്യോമ പ്രദര്‍ശനത്തിനിടെ ഐഎഎഫ് തേജസ് വിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ജനറല്‍ അനില്‍ ചൗഹാനും സിഡിഎസും ഇന്ത്യന്‍ സായുധ സേനയിലെ എല്ലാ റാങ്കുകളും അഗാധമായി ഖേദിക്കുന്നു. അപകടത്തില്‍ പൈലറ്റിന് ജീവന്‍ നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ അഗാധമായി ഖേദിക്കുന്നു, ദുഃഖത്തിന്റെ ഈ സമയത്ത് ദുഃഖിതരായ കുടുംബത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നു.'

ഹൈദരാബാദ് വ്യോമതാവളത്തിലായിരുന്നു നമാംശിന് നിയമനം. ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥയായ ഭാര്യ അഫ്‌സാനും അഞ്ച് വയസ്സുള്ള മകള്‍ക്കുമൊപ്പമാണ് നമാംശ് ഹൈദരാബാദില്‍ താമസിച്ചിരുന്നത്. പിതാവ് ജഗന്‍ നാഥ് റിട്ട. ആര്‍മി ഓഫിസറും ഹിമാചല്‍ പ്രദേശിലെ വിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പലുമായിരുന്നു. മാതാവ് ബിനാ ദേവി.

ദുബായ് എയര്‍ ഷോ നടക്കുന്ന അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് (ദുബായ് വേള്‍ഡ് സെന്റര്‍) ഒന്നര കിലോമീറ്റര്‍ അകലെ യുഎഇ സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15ന് (ഇന്ത്യന്‍ സമയം വൈകിട്ട് 3.45) ആയിരുന്നു അപകടം. എയര്‍ ഷോയില്‍ കാണികള്‍ക്കു മുന്നില്‍ ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു അപകടം.

വ്യോമാഭ്യാസത്തിനിടെ രണ്ടുതവണ കുത്തനെ മുകളിലേക്കുയര്‍ന്ന് കരണംമറിഞ്ഞശേഷം മൂന്നാമതും ഇതാവര്‍ത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ താഴേക്ക് പതിച്ച് ഉഗ്രശബ്ദത്തോടെ തേജസ് പൊട്ടിത്തെറിക്കുകയായിരുന്നു.

Similar News