ഡല്‍ഹിയില്‍ നിര്‍മ്മല-പിണറായി ചര്‍ച്ച

കേരളത്തിന്റെ ആവശ്യങ്ങളില്‍ തുടര്‍ ആലോചനകള്‍ നടത്തുമെന്ന ഉറപ്പ്;

By :  Sub Editor
Update: 2025-03-12 11:04 GMT

നിര്‍മ്മലാ സീതാരാമനും പിണറായി വിജയനും ചര്‍ച്ച നടത്തുന്നു

ന്യൂഡല്‍ഹി: വയനാട് പുനരധിവാസത്തിനുള്ള വായ്പാ വിനിയോഗ കാലാവധി കേന്ദ്രം നീട്ടിനല്‍കാന്‍ സാധ്യത. ഇന്ന് രാവിലെ ന്യൂഡല്‍ഹിയില്‍ കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഈ വിഷയം ചര്‍ച്ചയായി. ലാപ്‌സായ കേന്ദ്ര സഹായം മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്നും കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വയനാട്, വിഴിഞ്ഞം, വായ്പ പരിധി തുടങ്ങിയവ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്.

കേരളത്തിന്റെ ആവശ്യങ്ങളില്‍ തുടര്‍ ആലോചനകള്‍ നടത്താമെന്ന് ധനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. കേരളം ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഹരിക്കാമെന്ന് നിര്‍മ്മല സീതാരാമന്‍ ഉറപ്പുനല്‍കിയതായാണ് വിവരം. എന്നാല്‍ ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ചര്‍ച്ചയുണ്ടായില്ല.

കേരള ഹൗസിലായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രിയും കേരള മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച. കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും പ്രൊഫ. കെ.വി തോമസും ചര്‍ച്ചയ്ക്കുണ്ടായിരുന്നു. രാവിലെ 9 മണിയോട് കൂടിയാണ് കൂടിക്കാഴ്ച്ച ആരംഭിച്ചത്.

മുക്കാല്‍ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചക്ക് ശേഷം ധനമന്ത്രി പാര്‍ലമെന്റിലേക്ക് പോയി. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്രമന്ത്രി മടങ്ങിയത്. പാര്‍ട്ടിയുടെ പി.ബി യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ തുടരുകയാണ്.


Similar News