94,000 രൂപയും കടന്ന് സ്വര്‍ണം; പവന് ഒറ്റയടിക്ക് 2,400 രൂപയുടെ വര്‍ധനവ്
വെള്ളിവിലയിലും കുതിപ്പ്;
വിവാഹ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സാധാരണക്കാര്‍ക്കും കനത്ത തിരിച്ചടി നല്‍കി സ്വര്‍ണവില. ഓരോ ദിവസവും സ്വര്‍ണവില കൂടുന്നതാണ് കാണുന്നത്. കേരളത്തില്‍ ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപയുമാണ് കൂടിയത്. ഒറ്റദിവസം ഇത്രയും വില കൂടുന്നത് ഇത് ആദ്യം. പവന് 94,360 രൂപയാണ് ഇന്നുവില. ഗ്രാമിന് 300 രൂപ ഉയര്‍ന്ന് വില 11,795 രൂപയുമായി. കേരളത്തില്‍ ഈമാസം മാത്രം ഇതുവരെ പവന് കൂടിയത് 8,240 രൂപയാണ്. ഗ്രാമിന് 1,030 രൂപയും. ജി.എസ്.ടിയും (3%) പണിക്കൂലിയും (335%) ഹോള്‍മാര്‍ക്ക് ഫീസും (53.10 രൂപ) കൂടിച്ചേരുമ്പോഴുള്ള സ്വര്‍ണാഭരണ വാങ്ങല്‍വില ഇതിലുമേറെയാണെന്നത് ഉപഭോക്താക്കളെ വലയ്ക്കുകയാണ്. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ എല്ലാം ചേര്‍ത്ത് 1,03500 രൂപ വരെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 250 രൂപ കൂടി 9,755 രൂപയായി. വെള്ളിവിലയിലും കുതിപ്പ് തുടരുന്നു. 190 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റ് ഗ്രാമിന് 7500 രൂപയും 9 കാരറ്റ് ഗ്രാമിന് 4865 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. രാജ്യാന്തര വിപണിയിലെ മുന്നേറ്റമാണ് കേരളത്തിലും ആഞ്ഞടിക്കുന്നത്. ഔണ്‍സിന് 140ലേറെ ഡോളര്‍ മുന്നേറി വില ചരിത്രത്തിലെ ഏറ്റവും ഉയരമായ 4,163.24 ഡോളറില്‍ എത്തി. വില 4,100 ഡോളര്‍ കടന്നതും ഇതാദ്യം. രാജ്യാന്തരവില ഓരോ ഡോളര്‍ ഉയരുമ്പോഴും കേരളത്തില്‍ ഗ്രാമിന് ശരാശരി 2 രൂപ കൂടാം. ഇതാണ്, സംസ്ഥാനത്ത് ഇന്ന് വില കുതിക്കാന്‍ കാരണമായത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ഇന്നുരാവിലെ 7 പൈസ താഴ്ന്ന് 88.74ല്‍ എത്തിയതും തിരിച്ചടിയായി. രാജ്യാന്തരവില 2026ല്‍ 5,000 ഡോളര്‍ ഭേദിക്കുമെന്നാണ് നിരീക്ഷകരുടെ വാദം.
വീണ്ടും കലുഷിതമായ യുഎസ്-ചൈന വ്യാപാരബന്ധം, യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത, ട്രംപിന്റെ സര്‍ക്കാര്‍ നേരിടുന്ന ഭരണസ്തംഭനം (ഗവണ്‍മെന്റ് ഷട്ട് ഡൗണ്‍), കറന്‍സി വിപണിയിലെ അസ്ഥിരത, ശമനമില്ലാത്ത റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം എന്നിവയുടെ ബലത്തിലാണ് സ്വര്‍ണത്തിന്റെ സമീപകാലത്തെങ്ങുമില്ലാത്ത കുതിപ്പ്.