ഉച്ചയ്ക്ക് ശേഷം വീണ്ടും ഇടിഞ്ഞ് സ്വര്‍ണവില ; പവന് 88,600 രൂപ

ഒറ്റ ദിവസം കൊണ്ട് ഇടിഞ്ഞത് 1800 രൂപ;

Update: 2025-10-28 10:46 GMT

സ്വര്‍ണവിലയിലെ കുതിപ്പ് കണ്ട് ഞെട്ടിയിരിക്കുന്നവര്‍ക്ക് ആശ്വാസം. ചൊവ്വാഴ്ച പവന് രാവിലേയും ഉച്ചയ്ക്കുമായി ഇടിഞ്ഞത് 1800 രൂപ. ഗ്രാമിന് 225 രൂപയും. രാവിലെ 600 രൂപ ഇടിഞ്ഞപ്പോള്‍ ഉച്ചയോടെ വീണ്ടും 1200 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 91, 280 രൂപയായിരുന്നു വില. ഉച്ചയ്ക്ക് ശേഷം 90,400 രൂപയായി കുറഞ്ഞു.

ഗ്രാമിന് 150 രൂപ താഴ്ന്ന് 11,075 രൂപയാണ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷമുള്ള വില. പവന് 1,200 രൂപ താഴ്ന്ന് വില 88,600 രൂപ. രാജ്യാന്തര വിപണി നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ പവന്‍ വൈകാതെ 88,000ന് താഴെയെത്തും. ഏതാനും ദിവസം മുന്‍പുവരെ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമെല്ലാം റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുകയായിരുന്നു സ്വര്‍ണം. വിവാഹത്തിന് സ്വര്‍ണം എടുക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ നിരാശയായിരുന്നു. വിപണിയില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തിലും വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സ്വര്‍ണം എടുക്കുന്നവരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് ലഭിക്കുന്നത്. രാജ്യാന്തര വിപണിയില്‍ വില ഔണ്‍സിന് 4,389 ഡോളര്‍ എന്ന റെക്കോര്‍ഡില്‍ നിന്ന് ഒന്നരമാസത്തെ താഴ്ചയായ 3,898 ഡോളറിലേക്ക് കൂപ്പുകുത്തി. 105 ഡോളര്‍ ഇടിഞ്ഞാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 21ന് പവന്‍വില 97,360 രൂപയും ഗ്രാം വില 12,170 രൂപയും എന്ന സര്‍വകാല ഉയരത്തിലായിരുന്നു. തുടര്‍ന്ന് ഇതുവരെ പവന് കുറഞ്ഞത് 8,760 രൂപ, ഗ്രാമിന് 1,095 രൂപയും. യുഎസും ചൈനയും വ്യാപാരയുദ്ധത്തിന് വിരാമമിടാന്‍ സമവായ ചര്‍ച്ചകളിലേക്ക് കടന്നതാണ് സ്വര്‍ണത്തിന് ഇപ്പോള്‍ തിരിച്ചടിയാകുന്നത്. പ്രതിസന്ധികളൊക്കെ മായുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഗോള്‍ഡ് ഇടിഎഫിലെ നിക്ഷേപം ലാഭമെടുപ്പിലൂടെ തിരിച്ചെടുത്ത് അവര്‍ ഓഹരികളിലേക്കും മറ്റും തിരിഞ്ഞിരിക്കുകയാണ്. ഇങ്ങനെ ഡിമാന്‍ഡ് കൊഴിഞ്ഞതോടെയാണ് സ്വര്‍ണം താഴ്ന്നിറങ്ങുന്നത്.

22 കാരറ്റ് ഗ്രാമിന് 11075 രൂപയാണ് പുതിയ നിരക്ക്. 18 കാരറ്റ് ഗ്രാമിന് 9110 രൂപയായി. 14 കാരറ്റ് ഗ്രാമിന് 7100 രൂപയും ഒമ്പത് കാരറ്റ് ഗ്രാമിന് 4600 രൂപയുമാണ് പുതിയ വില. വെള്ളിയുടെ വില ഗ്രാമിന് 155 എന്ന നിരക്കില്‍ തുടരുകയാണ്.

Similar News