സംസ്ഥാനത്ത് പുതിയ റെക്കോര്‍ഡ് കുറിച്ച് സ്വര്‍ണം; പവന് 83,840 രൂപ
രാജ്യാന്തര സ്വര്‍ണവിലയുടെ മുന്നേറ്റവും ഡോളറിനെതിരെ രൂപയുടെ റെക്കോര്‍ഡ് വീഴ്ചയുമാണ് കേരളത്തിലും കുതിപ്പിന് വഴിവച്ചത്;
സംസ്ഥാനത്ത് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം. ആഭരണ പ്രിയര്‍ക്കും വിവാഹം പോലുള്ള വിശേഷാവസരങ്ങള്‍ക്ക് വന്‍തോതില്‍ സ്വര്‍ണമെടുക്കാന്‍ കാത്തിരുന്നവര്‍ക്കും തിരിച്ചടി നല്‍കിയാണ് സ്വര്‍ണത്തിന്റെ കുതിപ്പ്. ഇന്ന് ഒറ്റയടിക്ക് 920 രൂപയാണ് ഉയര്‍ന്നത്. ഇതോടെ പവന്‍വില 83,840 രൂപയിലെത്തി. ഗ്രാമിന് 115 രൂപ ഉയര്‍ന്ന് വില 10,480 രൂപയായി.18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 8615 രൂപയായി ഉയര്‍ന്നു.
തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കൂടിയിരുന്നു. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്. മൂന്നാഴ്ചക്കിടെ പവന് 6000 രൂപയിലധികമാണ് വര്‍ധിച്ചത്.
രാജ്യാന്തര സ്വര്‍ണവിലയുടെ മുന്നേറ്റവും ഡോളറിനെതിരെ രൂപയുടെ റെക്കോര്‍ഡ് വീഴ്ചയുമാണ് കേരളത്തിലും കുതിപ്പിന് വഴിവച്ചത്. രൂപ ഇന്ന് 10 പൈസ താഴ്ന്ന് എക്കാലത്തെയും താഴ്ചയായ 88.49ലാണ് വ്യാപാരം ആരംഭിച്ചത്. മറ്റ് ഏഷ്യന്‍ കറന്‍സികള്‍ നേരിട്ട വീഴ്ച രൂപയ്ക്കും തിരിച്ചടിയാവുകയായിരുന്നു.
താരിഫ് ഷോക്കിന് പിന്നാലെ, ട്രംപ് എച്ച്1ബി വിസ ഫീസ് നിരക്ക് കൂട്ടിയത് ഇന്ത്യയ്ക്കുമേല്‍ പടര്‍ത്തുന്ന ആശങ്കയും രൂപയ്ക്ക് തിരിച്ചടിയായി. രൂപ വീണതോടെ സ്വര്‍ണം ഇറക്കുമതിച്ചെലവ് കൂടുമെന്ന ആശങ്കയും ആഭ്യന്തരവില കൂടാനിടയാക്കി. നവരാത്രി, ദീപാവലി ഉത്സവകാലത്ത് ആഭരണ ഡിമാന്‍ഡ് കൂടാനുള്ള സാധ്യതകളുണ്ട്. ഇത് വിലയെ കൂടുതല്‍ ഉയരത്തിലേക്ക് നയിച്ചേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
3% ജിഎസ്ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസ്, മിനിമം 5% പണിക്കൂലി എന്നിവ കണക്കാക്കിയാല്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ കേരളത്തില്‍ 90,728 രൂപ നല്‍കണം, ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 11,340 രൂപയും. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇതു 3 മുതല്‍ 35% വരെയൊക്കെയാകാം.
വെള്ളിക്കും റെക്കോര്‍ഡ് വിലയാണ്. ഇന്ന് ചില ജ്വല്ലറികളില്‍ വില ഗ്രാമിന് 3 രൂപ കൂടി 147 രൂപയായി. കേരളത്തില്‍ ചില ജ്വല്ലറികളില്‍ വില ഗ്രാമിന് 4 രൂപ വര്‍ധിച്ച് 144 രൂപയിലാണ് വ്യാപാരം നടക്കുന്നത്.