ആഭരണപ്രിയര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സ്വര്‍ണം; പവന് 74,520 രൂപ
വെള്ളിവിലയും വര്‍ധിച്ചിട്ടുണ്ട്;
വിവാഹാവശ്യങ്ങള്‍ക്ക് വേണ്ടി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടി നല്‍കി സ്വര്‍ണം. പലരും ചിങ്ങമാസത്തില്‍ ആഭരണങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുകയാകും. എന്നാല്‍ ഓരോ ദിവസവും വില കൂടുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തില്‍ ശനിയാഴ്ച സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുകയറ്റമാണ് കാണുന്നത്. ഗ്രാമിന് ഒറ്റയടിക്ക് 100 രൂപ കൂടി വില 9,315 രൂപയായി. ഓഗസ്റ്റ് 11ന് ശേഷം കുറിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. പവന് 800 രൂപ വര്‍ധിച്ച് 74,520 രൂപയുമായി. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ നിരക്ക് 73200 രൂപയും കൂടിയ നിരക്ക് 75760 രൂപയുമാണ്.
പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ വാങ്ങല്‍വിലയും ആനുപാതികമായി കൂടുമെന്നത് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാണ്. 3% ജി.എസ്.ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, മിനിമം 5% പണിക്കൂലി എന്നിവ പ്രകാരംതന്നെ കേരളത്തില്‍ ഇന്നൊരു ഗ്രാം സ്വര്‍ണാഭരണത്തിന്റെ വില 10,081 രൂപയിലെത്തി. ഒരു പവന്‍ ആഭരണം വാങ്ങാന്‍ 80,650 രൂപയ്ക്കടുത്ത് വരും. പണിക്കൂലി ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് 3 മുതല്‍ 35% വരെയൊക്കെയാകാം.
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ വര്‍ധിച്ച് 7645 രൂപയിലെത്തി. ഈ സ്വര്‍ണം ഒരു പവന്‍ വാങ്ങുമ്പോള്‍ 61,160 രൂപ വരും. കുറഞ്ഞ കാരറ്റിലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വളരെ കൂടുതലാണ്. ചെറുകിട ജ്വല്ലറികള്‍ 20 ശതമാനം വരെ പണിക്കൂലി ഈടാക്കുന്നുണ്ട്. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,955 രൂപയാണ് വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3835 രൂപയും നല്‍കണം. കേരളത്തില്‍ വെള്ളി വിലയിലും വര്‍ധനവുണ്ട്. ഗ്രാമിന് 2 രൂപ വര്‍ധിച്ച് 124 രൂപയായി.
ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ അമേരിക്കയുടെ സാമ്പത്തിക രംഗത്തെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ ഇന്നു വന്‍ മുന്നേറ്റത്തിന് കളമൊരുക്കിയത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ജെറോം പവല്‍ സെപ്റ്റംബറില്‍ നടക്കുന്ന പണനയ നിര്‍ണയ യോഗത്തില്‍ പലിശ കുറയ്ക്കാമെന്ന് കഴിഞ്ഞദിവസം ജാക്‌സണ്‍ ഹോള്‍ സിംപോസിയത്തില്‍ നടത്തിയ വാര്‍ഷിക പ്രഭാഷണത്തില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ മാറ്റമില്ലാതെ നില്‍ക്കുകയാണ് യുഎസില്‍ അടിസ്ഥാന പലിശനിരക്ക്. ജനുവരി മുതല്‍ പ്രസിഡന്റ് ട്രംപ് പലിശ കുറയ്ക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കുലുങ്ങാതിരുന്ന പവല്‍, ഇന്നലെ മനസ്സുമാറ്റിയത് പൊന്നിന് ആവേശമായി. പലിശ കുറയുന്നത് ഡോളറും ബോണ്ടിനും തിരിച്ചടിയാണെന്നിരിക്കെ, സ്വര്‍ണവില കുതിച്ചുകയറുകയായിരുന്നു. രാജ്യാന്തരവില ഔണ്‍സിന് 34 ഡോളര്‍ ഉയര്‍ന്ന് 3,372 ഡോളറില്‍ എത്തി.