ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; പവന് ഒറ്റയടിക്ക് 400 രൂപ കൂടി

ചിങ്ങമാസവും ഓണക്കാലവും വിവാഹ സീസണും ഒരുമിച്ചു വന്ന ഈ വേളയില്‍ സ്വര്‍ണവില കൂടിയതോടെ ഉപഭോക്താക്കള്‍ കടുത്ത നിരാശയില്‍;

Update: 2025-08-21 06:30 GMT

ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. കഴിഞ്ഞ ഒരാഴ്ചയിലേറെയായി തുടരുന്ന ഇടിവിന് പിന്നാലെയാണ് ഇപ്പോഴത്തെ വര്‍ധന. വ്യാഴാഴ്ച സ്വര്‍ണം ഗ്രാമിന് വില 50 രൂപ കൂടി 9,230 രൂപയായി. പവന് 400 രൂപ ഉയര്‍ന്ന് 73,840 രൂപയുമായി. ചിങ്ങമാസവും ഓണക്കാലവും വിവാഹ സീസണും ഒരുമിച്ചു വന്ന ഈ വേളയില്‍ സ്വര്‍ണവില കൂടിയതോടെ ഉപഭോക്താക്കള്‍ കടുത്ത നിരാശയിലാണ്. ഇത്രയും ദിവസങ്ങളില്‍ സ്വര്‍ണവില അനുകൂലമായതിനാല്‍ ഉപഭോക്താക്കളെല്ലാം ആശ്വാസത്തിലായിരുന്നു. അതാണ് നിമിഷ നേരം കൊണ്ട് ഇല്ലാതായത്.

ലോകത്തെ ഏറ്റവും വലിയ സമ്പദ് ശക്തിയായ അമേരിക്കയില്‍ പലിശനിരക്കിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം കടുത്തതാണ് സ്വര്‍ണത്തെ സ്വാധീനിക്കുന്നത്. അമേരിക്കയുടെ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കാന്‍ ഇടയില്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ ഡോളര്‍ സൂചികയില്‍ നേരിയ ഇടിവ് വന്നു. ഇന്ത്യന്‍ രൂപ അല്‍പ്പം കരുത്ത് കാണിക്കുന്നുണ്ട്. ക്രൂഡ് ഓയില്‍ വില നേരിയ തോതില്‍ മുന്നേറി. ഓഹരി വിപണിയിലും മുന്നേറ്റം പ്രകടമാണ്. ഇതെല്ലാം സ്വര്‍ണവില ഉയരാന്‍ കാരണമായി.

അടുത്തമാസമാണ് അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പണനയ നിര്‍ണയ സമിതിയോഗം. അമേരിക്കയില്‍ പണപ്പെരുപ്പം കൂടിത്തുടങ്ങിയെങ്കിലും തൊഴിലവസരങ്ങള്‍ കുറഞ്ഞത് കണക്കിലെടുത്ത് പലിശനിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വ് തയാറായേക്കുമെന്നാണ് സൂചനകള്‍. പലിശനിരക്ക് കുറയാനുള്ള സാധ്യത 80 ശതമാനമാണെന്ന് നിരീക്ഷകര്‍ പറയുന്നു. എങ്കിലും, ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ കടുംപിടിത്തം തുടരുമോ എന്നതാണ് ആശങ്ക.

ഇന്ന് ചില ജ്വല്ലറികളില്‍ 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 7,630 രൂപയായി. മറ്റ് ജ്വല്ലറികളില്‍ 40 രൂപ വര്‍ധിച്ച് 7,575 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില ചില വ്യാപാരികള്‍ ഗ്രാമിന് ഒരു രൂപ കൂട്ടി 123 രൂപയാക്കി. മറ്റ് ജ്വല്ലറികള്‍ 122 രൂപയില്‍ നിലനിര്‍ത്തി. 14 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 5,900 രൂപയായപ്പോള്‍ 9 കാരറ്റിന് വില 20 രൂപ ഉയര്‍ന്ന് 3,800 രൂപയിലുമെത്തി.

Similar News