സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍; പവന് 75,200 രൂപ
കഴിഞ്ഞ 5 പ്രവൃത്തിദിനങ്ങള്‍ക്കിടെ മാത്രം ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയുമാണ് കൂടിയത്;
സ്വര്‍ണം വാങ്ങുന്നവര്‍ക്കും ആഭരണ പ്രിയര്‍ക്കും കനത്ത തിരിച്ചടി നല്‍കി സംസ്ഥാനത്തെ സ്വര്‍ണവില കുതിക്കുന്നു. വ്യാഴാഴ്ച കേരളത്തില്‍ സ്വര്‍ണത്തിന് പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് വില 9,400 രൂപയും പവന് 160 രൂപ ഉയര്‍ന്ന് 75,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ചയും ഇക്കഴിഞ്ഞ ജൂലൈ 27നും കുറിച്ച ഗ്രാമിന് 9,380 രൂപയും പവന് 75,040 രൂപയുമെന്ന റെക്കോര്‍ഡാണ് ഇതോടെ തകര്‍ന്നത്.
കഴിഞ്ഞ 5 പ്രവൃത്തിദിനങ്ങള്‍ക്കിടെ മാത്രം ഗ്രാമിന് 250 രൂപയും പവന് 2,000 രൂപയുമാണ് കൂടിയത്. ആനുപാതികമായി പണിക്കൂലി, നികുതി എന്നിവയുടെ ഭാരവും കൂടുമെന്നത് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കനത്ത തിരിച്ചടിയാണ്. ഡോളറിനെതിരെ ഇന്ത്യന്‍ റുപ്പി ഇന്ന് 3 പൈസ ഉയര്‍ന്ന് 87.69ല്‍ ആണ് വ്യാപാരം തുടങ്ങിയത്. രൂപ മെച്ചപ്പെട്ടില്ലായിരുന്നെങ്കില്‍ കേരളത്തില്‍ സ്വര്‍ണവില ഇന്നു കൂടുതല്‍ വര്‍ധന രേഖപ്പെടുത്തുമായിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജ്യാന്തര സാമ്പത്തികമേഖലയ്ക്കുമേല്‍ വിതയ്ക്കുന്ന താരിഫ് ആശങ്കകള്‍ സ്വര്‍ണ നിക്ഷേപ പദ്ധതികള്‍ക്ക് 'പ്രതിസന്ധിക്കാലത്തെ താല്‍ക്കാലിക സുരക്ഷിത താവളം' എന്ന പെരുമ സമ്മാനിക്കുന്നതാണ് സ്വര്‍ണത്തിന് ഡിമാന്‍ഡും വിലയും കൂടാനിടയാക്കുന്നത്. ഇന്ത്യയ്ക്കുമേല്‍ മൊത്തം 50% ഇറക്കുമതി തീരുവ ചുമത്തിയ ട്രംപ്, അടുത്തത് ചൈനയെയാണ് ലക്ഷ്യംവയ്ക്കുന്നതെന്ന സൂചന നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണാഭരണങ്ങളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് ചില കടകളില്‍ വില ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,760 രൂപയായി. മറ്റ് കടകളില്‍ ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 7,715 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിക്ക് ചില കടകളില്‍ ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 125 രൂപയായപ്പോള്‍ മറ്റു ജ്വല്ലറികള്‍ ബുധനാഴ്ചത്തെ വിലയായ 123 രൂപയില്‍ തന്നെ വ്യാപാരം നടത്തുകയാണ്.
14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6015 രൂപ, 9 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 3875 രൂപ എന്നിങ്ങനെയാണ് ആഭരണ വിപണിയിലെ വില.
കേരളത്തില്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ 3% ജി.എസ്.ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസ്, പണിക്കൂലി എന്നിവയും നല്‍കണം. പണിക്കൂലി കാരറ്റും ആഭരണത്തിന്റെ ഡിസൈനും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇതു 3 മുതല്‍ 35% വരെയൊക്കെയാകാം. 22 കാരറ്റ് (916) സ്വര്‍ണാഭരണം ഒരു പവന്‍ വാങ്ങാന്‍ 5% പണിക്കൂലി കണക്കാക്കിയാല്‍ തന്നെ ഇന്ന് 82,000 രൂപയിലധികം നല്‍കണം.