വീണ്ടും കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം; പവന് 71,800 രൂപ

കഴിഞ്ഞ 5 ദിവസത്തിനിടെ പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയുമാണ് കൂടിയത്.;

Update: 2025-05-22 06:04 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച സംസ്ഥാനത്ത് ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8,975 രൂപയും പവന് 360 രൂപ ഉയര്‍ന്ന് 71,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ 5 ദിവസത്തിനിടെ പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയുമാണ് കൂടിയത്.

ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 73040 രൂപയായിരുന്നു. അമേരിക്കന്‍ വിപണി തകരുന്നു എന്ന പ്രചാരണം വന്നതാണ് സ്വര്‍ണവില അടിക്കടി ഉയരാന്‍ കാരണം. നിക്ഷേപകര്‍ യുഎസ് വിപണി വിട്ട് ഏഷ്യന്‍ വിപണിയില്‍ കേന്ദ്രീകരിക്കുമെന്നും കരുതപ്പെടുന്നു.

ജി.എസ്.ടിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ചാര്‍ജും കൂടിച്ചേരുമ്പോള്‍ വില വര്‍ധനയുടെ ഭാരം ഇതിലുമധികമാവും. വിവാഹം ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്കായി വലിയ അളവില്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കാണ് തിരിച്ചടിയാകുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരുമെന്നാണ് നിഗമനം. വിവാഹത്തിന് ഉള്‍പ്പെടെ സ്വര്‍ണം ആവശ്യമുള്ളവര്‍ അഡ്വാന്‍സ് ബുക്ക് ചെയ്താല്‍ ആശങ്കയില്‍ നിന്ന് രക്ഷപ്പെടാം. സ്വര്‍ണം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനിയും കാത്തിരുന്നാല്‍ നേട്ടം കിട്ടിയേക്കും.

സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണം, വെള്ളി വിലകളും മുന്നേറുന്നുണ്ട്. ചില കടകളില്‍ 18 കാരറ്റ് സ്വര്‍ണത്തിന് വില ഗ്രാമിന് 35 രൂപ വര്‍ധിച്ച് 7,395 രൂപയിലും മറ്റു ചില കടകളില്‍ 35 രൂപ വര്‍ധിച്ചെങ്കിലും 7,355 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാപാരി അസോസിയേഷനുകള്‍ക്കിടയില്‍ സ്വര്‍ണവില നിര്‍ണയത്തിലെ അഭിപ്രായഭിന്നതയാണ് വില വ്യത്യാസത്തിന് കാരണം. വെള്ളിക്കും പല വിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചില കടകളില്‍ ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 111 രൂപയും മറ്റു ചില കടകളില്‍ ഗ്രാമിന് ഒരു രൂപ കൂടി 110 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില കുതിക്കുന്നത്. കഴിഞ്ഞദിവസം ഔണ്‍സിന് 3,308 ഡോളറിലായിരുന്ന വില ഇന്നൊരുഘട്ടത്തില്‍ 3,344 ഡോളര്‍ വരെ ഉയര്‍ന്നു. നിലവില്‍ വ്യാപാരം 3,335 ഡോളറില്‍. രാവിലെ സ്വര്‍ണവില നിര്‍ണയിക്കുമ്പോള്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുള്ളത് 5 പൈസ ഉയര്‍ന്ന് 85.59ല്‍.

രാജ്യാന്തരവില 3,344ല്‍ നിന്ന് 3,335ലേക്ക് താഴ്ന്നതും രൂപയുടെ നേട്ടവും കേരളത്തില്‍ സ്വര്‍ണവില വര്‍ധനയുടെ ആക്കം കുറച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഇന്ന് വില ഇതിലുമധികം കൂടുമായിരുന്നു. ബുധനാഴ്ച ഗ്രാമിന് ഒറ്റയടിക്ക് 220 രൂപയും പവന് 1,760 രൂപയും കൂടി 71,440 ല്‍ ആയിരുന്നു വ്യാപാരം നടന്നത്. കഴിഞ്ഞ രണ്ടാഴ്ചത്തെ മികച്ച നിലവാരത്തിലാണ് രാജ്യാന്തര വിലയുള്ളത്.

Similar News