സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; പവന് 72,120 രൂപ

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ കനത്ത വീഴ്ചയാണ് സ്വര്‍ണവിലയില്‍ തിരിച്ചടിയായത്.;

Update: 2025-05-09 05:34 GMT

സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. രാജ്യാന്തര സ്വര്‍ണവില കുത്തനെ ഇടിഞ്ഞിട്ടും കേരളത്തില്‍ വില കൂടുന്ന പ്രവണതയാണ് കണ്ടത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ കനത്ത വീഴ്ചയാണ് സ്വര്‍ണവിലയില്‍ തിരിച്ചടിയായത്. കേരളത്തില്‍ സ്വര്‍ണവില ഗ്രാമിന് 30 രൂപ വര്‍ധിച്ച് 9,015 രൂപയും പവന്‍വില 240 രൂപ കൂടി 72,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം ആഭ്യന്തര സ്വര്‍ണ വിപണിയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഇതിനൊപ്പം യു എസ് - ചൈന തര്‍ക്കങ്ങളില്‍ വന്ന അയവും സ്വര്‍ണ വിലയില്‍ അസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട് എന്നാണ് വിലയിരുത്തല്‍.

ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധസമാന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി-കടപ്പത്ര വിപണികളിലേക്കുള്ള വിദേശ നിക്ഷേപം ഇടിഞ്ഞേക്കുമെന്ന ഭീതിമൂലം രൂപ വന്‍ മൂല്യത്തകര്‍ച്ചയാണ് നേരിടുന്നത്. കഴിഞ്ഞദിവസം 89 പൈസയുടെ നഷ്ടം നേരിട്ട രൂപ, ഇന്ന് വ്യാപാരം ആരംഭിച്ചത് തന്നെ 13 പൈസ ഇടിഞ്ഞ് 85.85ല്‍. നിലവിലെ സംഘര്‍ഷം നീണ്ടാല്‍, രൂപ വൈകാതെ 87ലേക്ക് കൂപ്പുകുത്തിയേക്കാമെന്നാണ് വിലയിരുത്തലുകള്‍.

വ്യാഴാഴ്ച രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയാണ് വര്‍ധിച്ചിരുന്നത്. ഗ്രാമിന് 55 രൂപയും വര്‍ധിച്ചു. ഇതോടെ രാവിലെ ഒരു പവന്‍ സ്വര്‍ണം വിറ്റത് 73040 എന്ന വിലയിലായിരുന്നു. ഗ്രാം സ്വര്‍ണം വിറ്റത് 9130 രൂപയിലും. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന്‍ സ്വര്‍ണത്തിന് 1160 രൂപ കുറഞ്ഞ് 71880 ലേക്കും ഗ്രാം സ്വര്‍ണം 145 രൂപ കുറഞ്ഞ് 8985 ലേക്കും എത്തി. തുടര്‍ന്നാണ് വെള്ളിയാഴ്ചയിലെ ഈ വര്‍ധനവ്.

സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് കുറഞ്ഞു. ചില കടകളില്‍ ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 7,400 രൂപയായപ്പോള്‍ മറ്റുചില കടകളില്‍ വ്യാപാരം നടക്കുന്നത് ഗ്രാമിന് 7,435 രൂപയില്‍. അതേസമയം, വെള്ളിവില ഗ്രാമിന് 108 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നു.

കഴിഞ്ഞ മാസം ആദ്യത്തെ മൂന്നാഴ്ച റെക്കോഡ് ഉയരത്തിലെത്തിയ സ്വര്‍ണ വില പിന്നീട് കുറഞ്ഞിരുന്നു. 74000 എന്ന റെക്കോഡ് നിരക്കില്‍ എത്തിയശേഷമാണ് സ്വര്‍ണവില ഇടിഞ്ഞത്. മേയ് ഒന്നിന് 70200 ആയിരുന്നു പവന്‍ വില. തൊട്ടടുത്ത ദിവസം 160 രൂപ കുറഞ്ഞതോടെ ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിരക്കായ 70040 ല്‍ എത്തി.

മേയ് രണ്ടാം തിയതി മുതല്‍ നാലാം തിയതി വരെ ഈ വിലയ്ക്കാണ് സ്വര്‍ണം വ്യാപാരം നടത്തിയത്. എന്നാല്‍ അഞ്ചാം തിയതി 160 രൂപ കുറഞ്ഞതോടെ സ്വര്‍ണം വീണ്ടും പവന് 70200 ലേക്ക് എത്തി. പിന്നീടങ്ങോട്ടുള്ള എല്ലാ ദിവസങ്ങളിലും സ്വര്‍ണ വില കുതിച്ച് കയറുന്ന കാഴ്ചയാണ് കണ്ടത്. ആറാം തിയതി 2000 രൂപ കൂടിയതോടെ സ്വര്‍ണവില 72200 ലേക്ക് എത്തി.

തൊട്ടടുത്ത ദിവസം പവന് 600 രൂപയാണ് കൂടിയത്. ഇന്നലെ രാവിലെ 440 രൂപയാണ് വര്‍ധിച്ചതോടെ 73040 എന്ന ഈ മാസത്തെ ഇതുവരെയുള്ള എക്കാലത്തേയും ഉയര്‍ന്ന വിലയിലായിരുന്നു സ്വര്‍ണം വ്യാപാരം നടത്തിയിരുന്നത്. എന്നാല്‍ ഇന്നലെ ഉച്ചയ്ക്ക് തന്നെ വില കുറഞ്ഞതോടെ ഇന്നും പൊന്നിന്റെ വില നിലവാരം താഴേക്ക് വീഴും എന്നായിരുന്നു പ്രതീക്ഷ. എല്ലാ പ്രതീക്ഷകളേയും അസ്ഥാനത്താക്കിയാണ് സ്വര്‍ണ വില ഇന്ന് മുകളിലേക്ക് കയറിയത്.

ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 72,120 രൂപയാണെങ്കിലും ആഭരണ രൂപത്തില്‍ ഇതേ തൂക്കത്തില്‍ സ്വര്‍ണം വാങ്ങാന്‍ കൂടുതല്‍ പണം നല്‍കണം. ഇന്നത്തെ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി, സ്വര്‍ണത്തിലും പണിക്കൂലിക്കും 3 ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് 78,400രൂപയെങ്കിലും വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും സ്വര്‍ണ വിലയിലും വ്യത്യാസം ഉണ്ടാകും.

Similar News