സ്വര്‍ണത്തിന് ഒറ്റയടിക്ക് 2000 രൂപയുടെ വര്‍ധനവ്; പവന് 72,200

രാജ്യാന്തരവിലയിലെ കുതിച്ചുകയറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്.;

Update: 2025-05-06 05:29 GMT

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് കുതിച്ച് കയറി സ്വര്‍ണവില. സാധാരണക്കാരുടെ സ്വര്‍ണം വാങ്ങാനുള്ള ആഗ്രഹത്തിന് തിരിച്ചടി ആയിരിക്കുകയാണ് വിലയിലെ ഈ കുതിപ്പ്. സംസ്ഥാനത്ത് ചൊവ്വാഴ്ച ഗ്രാമിന് ഒറ്റയടിക്ക് 250 രൂപ ഉയര്‍ന്ന് വില 9,025 രൂപയും പവന് 2,000 രൂപ വര്‍ധിച്ച് 72,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇതോടെ മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണം എത്തി. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും വില കൂടുമെന്നാണ് പ്രവചനങ്ങള്‍. രണ്ടുദിവസം മുമ്പുവരെ ഗ്രാമിന് 8,755 രൂപയും പവന് 70,040 രൂപയുമായിരുന്നു.

കഴിഞ്ഞാഴ്ച സ്വണം വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമായിരുന്നു. സ്വര്‍ണവില കുറയുന്നതായിരുന്നു കണ്ടിരുന്നത്. എന്നാല്‍ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ കഴിഞ്ഞദിവസം 160 രൂപ വര്‍ധിച്ചു. പിന്നാലെയാണ് ഇന്ന് 2000 രൂപ കൂടിയിരിക്കുന്നത്. രണ്ട് ദിവസത്തിനിടെ 2160 രൂപയുടെ വര്‍ധനവ്.

രാജ്യാന്തരവിലയിലെ കുതിച്ചുകയറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. കനത്ത ചുങ്കം ഈടാക്കുകയെന്ന തന്റെ നയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി, അമേരിക്കയ്ക്ക് പുറത്തുനിര്‍മിക്കുന്ന സിനിമകള്‍ക്കുമേല്‍ 100% ചുങ്കം ഏര്‍പ്പെടുത്തിയ പ്രസിഡന്റ് ട്രംപിന്റെ തീരുമാനമാണ് പുതിയ ആശങ്കകള്‍ക്ക് വഴിവച്ചത്.

യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്കുള്ള ചുങ്കവും വൈകാതെ പ്രഖ്യാപിക്കുമെന്ന് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. ട്രംപിന്റെ ഈ കടുംപിടിത്തം ആഗോള സമ്പദ് വ്യവസ്ഥയ്ക്കുമേല്‍ വീണ്ടും കരിനിഴല്‍ വീഴ് ത്തുന്നത് സ്വര്‍ണത്തിന് 'സുരക്ഷിത നിക്ഷേപം' എന്ന പെരുമ സമ്മാനിക്കുന്നതാണ് വിലക്കുതിപ്പിന് വളമാകുന്നത്.

ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ചുങ്കവിഷയത്തില്‍ യുഎസ് സമവായത്തിലേക്ക് കടക്കുന്നതിനിടെയാണ്, സ്വര്‍ണവില കൂടുന്നതെന്നതും അമ്പരപ്പ് സൃഷ്ടിക്കുന്നുണ്ട്. സമവായനീക്കത്തിനിടയിലും ട്രംപ് പല മേഖലകള്‍ക്കുംമേല്‍ കനത്ത ചുങ്കം പ്രഖ്യാപിക്കുന്നതാണ് തിരിച്ചടിയാകുന്നത്.

ഇന്നലെ ഔണ്‍സിന് 3,255 ഡോളറായിരുന്ന രാജ്യാന്തര വില, ഇന്ന് ഒരുവേള 3,385 ഡോളറിലേക്ക് കുതിച്ചുകയറി. ഇത് കേരളത്തിലും വില കുത്തനെ കൂടാനിടയാക്കി. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ 6 മുന്‍നിര കറന്‍സികള്‍ക്കെതിരായ യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് 100ന് താഴെ തുടരുന്നതും സ്വര്‍ണം വാങ്ങാനുള്ള താല്‍പര്യം ഉയര്‍ത്തുന്നു. ഇതും വിലയെ മേലോട്ട് നയിക്കുന്നു. രാജ്യാന്തരവില ഓരോ ഡോളര്‍ കൂടുമ്പോഴും കേരളത്തില്‍ ഗ്രാമിന് രണ്ടു-രണ്ടര രൂപവീതം കൂടും.

അതുകൊണ്ടാണ്, ഇന്ന് കേരളത്തില്‍ ഗ്രാമിന് ഒറ്റയടിക്ക് 250 രൂപയും പവന് 2,000 രൂപയും കൂടാന്‍ കാരണം. രാജ്യാന്തര വില നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ 3,500 ഡോളര്‍ ഭേദിച്ചേക്കാമെന്നാണ് വ്യാപാര നിരീക്ഷകരുടെ വാദം. അങ്ങനെയെങ്കില്‍ കേരളത്തിലും ആനുപാതിക വിലക്കയറ്റമുണ്ടാകും. കഴിഞ്ഞമാസം 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ റെക്കോര്‍ഡ്.

ചൊവ്വാഴ്ച 18 കാരറ്റ് സ്വര്‍ണം, വെള്ളി വിലകളും കൂടിയിട്ടുണ്ട്. ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) നിര്‍ണയപ്രകാരം ഇന്നു 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് വില 210 രൂപ വര്‍ധിച്ച് 7,460 രൂപയായി. വെള്ളിക്ക് ഗ്രാമിന് രണ്ടു രൂപ ഉയര്‍ന്ന് 108 രൂപയാണ്.

എസ്. അബ്ദുല്‍ നാസര്‍ വിഭാഗം എ.കെ.ജി.എസ്.എം.എ അനുകൂല വ്യാപാരികളുടെ കടകളില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് വില 210 രൂപ തന്നെ ഉയര്‍ന്ന് 7,410 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 108 രൂപയും.

സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ ജി.എസ്.ടി, പണിക്കൂലി, ഹോള്‍മാര്‍ക്ക് ഫീസ് എന്നിവയും നല്‍കണം. 3 ശതമാനമാണ് ജി.എസ്.ടി. ഹോള്‍മാര്‍ക്ക് ഫീസ് 45 രൂപയും അതിന്റെ 18% ജി.എസ്. ടിയും, അതായത് 53.10 രൂപ. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇത് 3 മുതല്‍ 35 ശതമാനം വരെയൊക്കെയാകാം.

ബ്രാന്‍ഡഡ്/ഡിസൈനര്‍ ആഭരണങ്ങള്‍ക്കാണ് കൂടുതല്‍ പണിക്കൂലി. ഇന്ന് നിങ്ങള്‍ 5% പണിക്കൂലി പ്രകാരം ഒരു പവന്‍ ആഭരണം വാങ്ങുന്നുവെന്ന് കരുതുക, നികുതിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ഫീസുമടക്കം വാങ്ങല്‍വില 78,140 രൂപയാകും. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 9,768 രൂപയും.

Similar News