തുടര്‍ച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിച്ചുചാട്ടം; പവന് 72,160 രൂപ
പവന് ഒറ്റയടിക്ക് 840 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്;
സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയില്‍ വന്‍ ഇടിവ് പ്രകടമായിരുന്നു. വിവാഹാവശ്യത്തിനായി സ്വര്‍ണം വാങ്ങുന്നവരേയും ആഭരണ പ്രിയരേയും സംബന്ധിച്ച് സന്തോഷം നിറഞ്ഞ ദിവസങ്ങളാണ് കടന്നുപോയത്. എന്നാല്‍ വില കുറയുമെന്ന് കരുതി സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടിയായി സ്വര്‍ണവില ഇന്ന് കുതിച്ചുയരുന്ന കാഴ്ചയാണ് കണ്ടത്. പവന് ഒറ്റയടിക്ക് 840 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇതോടെ കേരളത്തില്‍ ഗ്രാമിന് 105 രൂപയുടെ കുതിപ്പുമായി വില വീണ്ടും 9,000 രൂപയ്ക്ക് മുകളിലെത്തി. ചൊവ്വാഴ്ച 9,020 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പവന്‍ വില 840 രൂപ ഉയര്‍ന്ന് 72,160 രൂപയുമായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗ്രാമിന് 405 രൂപയും പവന് 3,240 രൂപയും ഇടിഞ്ഞശേഷമാണ് ഇന്ന് വീണ്ടും കുതിച്ചുകയറിയത്.
തിങ്കളാഴ്ച ഗ്രാമിന് 15 രൂപ കുറഞ്ഞ് 8915 രൂപയിലും പവന് 120 രൂപ കുറഞ്ഞ് 71320 രൂപയിലുമാണ് വ്യാപാരം നടന്നത്. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്ന് പുതിയ മാസത്തിന്റെ തുടക്കത്തില്‍ തന്നെ വില കൂടുന്നതാണ് കണ്ടത്.
ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) നിര്‍ണയപ്രകാരം ഇന്നു 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 90 രൂപ വര്‍ധിച്ച് 7,440 രൂപയായി. വെള്ളി വില ഗ്രാമിന് 118 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നു. എസ്. അബ്ദുല്‍ നാസര്‍ വിഭാഗം എ.കെ.ജി.എസ്.എം.എ ഇന്ന് 18 കാരറ്റിനു നല്‍കിയ വില ഗ്രാമിന് 85 രൂപ ഉയര്‍ത്തി 7,400 രൂപ. വെള്ളിക്ക് വില മാറിയില്ല, ഗ്രാമിന് 115 രൂപ.
സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ 3% ജി.എസ്.ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസ്(45 രൂപ+18% ജിഎസ്ടി), പണിക്കൂലി (335%) എന്നിവയും ബാധകമാണ്. 5% പണിക്കൂലി കണക്കാക്കിയാല്‍ തന്നെ ഇന്നു കേരളത്തില്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 78,096 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 9,762 രൂപയും. കഴിഞ്ഞദിവസം പവന്റെ വാങ്ങല്‍വില 77,187 രൂപയായിരുന്നു, ഗ്രാമിന് 9,648 രൂപയും.
സ്വര്‍ണവില പെട്ടെന്ന് ഉയരാനുള്ള കാരണം ഡോളര്‍ തലകുത്തി വീണതാണ്. ഡോളര്‍ മൂല്യം സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. അതുകൊണ്ടുതന്നെ യൂറോ, പൗണ്ട്, യെന്‍, യുവാന്‍ ഉള്‍പ്പെടെയുള്ള പ്രധാന കറന്‍സികള്‍ മൂല്യം കൂടുകയും അവ ഉപയോഗിച്ചുള്ള സ്വര്‍ണം വാങ്ങലുകള്‍ വര്‍ധിക്കുകയും ചെയ്തു. സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയതോടെ വില കൂടി എന്നതാണ് പുതിയ മാറ്റത്തിന് കാരണം.