സംസ്ഥാനത്ത് തുടര്‍ച്ചയായി സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 74,360 രൂപ

മൂന്നു ദിവസത്തിനിടെ പവന് 1,400 രൂപയും ഗ്രാമിന് 175 രൂപയും കുറഞ്ഞു;

Update: 2025-08-12 06:00 GMT

സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. റെക്കോര്‍ഡ് ഉയരത്തില്‍ നിന്നാണ് ആഭരണപ്രേമികള്‍ക്കും വിവാഹാവശ്യത്തിന് സ്വര്‍ണം എടുക്കുന്നവര്‍ക്കും ആശ്വാസമായി സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഓഗസ്റ്റ് 8ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമായിരുന്നു അന്നത്തെ നിരക്ക്.

എന്നാല്‍ കഴിഞ്ഞ 3 ദിവസമായി കനത്ത ഇടിവിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. വിവാഹ സീസണ്‍ അടുത്തിരിക്കെ പലരും സ്വര്‍ണം വാങ്ങാനുള്ള തയാറെടുപ്പിലാകും. അവര്‍ക്ക് ഈ അവസരം തീര്‍ച്ചയായും പ്രയോജനപ്പെടുത്താവുന്നതാണ്. ചൊവ്വാഴ്ച സ്വര്‍ണം ഗ്രാമിന് 80 രൂപ കുറഞ്ഞ് വില 9,295 രൂപയിലെത്തി. പവന് 640 രൂപ താഴ്ന്നിറങ്ങി 74,360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. മൂന്നു ദിവസത്തിനിടെ പവന് 1,400 രൂപയും ഗ്രാമിന് 175 രൂപയും കുറഞ്ഞു.

അതേസമയം, ആഭരണത്തിന് വേണ്ടി കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 7630 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5960 രൂപയിലെത്തി. ഒമ്പത് കാരറ്റ് സ്വര്‍ണം ഗ്രാമിന് 3820 രൂപയുമായി. അതേസമയം, വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 123 രൂപയായി.

രാജ്യാന്തരവില കഴിഞ്ഞയാഴ്ച ഔണ്‍സിന് 3,405 ഡോളറിലേക്ക് എത്തിയിരുന്നു. ഇന്നു വില 50 ഡോളറിലേറെ ഇടിഞ്ഞ് 3,342 ഡോളര്‍ വരെയെത്തി. ഇതാണ് കേരളത്തിലും വില വന്‍തോതില്‍ കുറയാന്‍ കാരണമായത്. എന്നാല്‍, അമേരിക്കയുടെ പണപ്പെരുപ്പക്കണക്ക് സംബന്ധിച്ച ആകാംക്ഷയും ആശങ്കയും നിലനില്‍ക്കുന്നതിനാല്‍ സ്വര്‍ണവില മെല്ലെ കയറിത്തുടങ്ങി. നിലവില്‍ വ്യാപാരം നടക്കുന്നത് 8 ഡോളര്‍ ഉയര്‍ന്ന് 3,352 ഡോളറില്‍.

കഴിഞ്ഞയാഴ്ചയിലെ വിലവര്‍ധന മുതലെടുത്ത് ഗോള്‍ഡ് ഇടിഎഫിലും മറ്റും ലാഭമെടുപ്പ് നടന്നതും രാജ്യാന്തരവില കുറയാനിടയാക്കിയിട്ടുണ്ട്. ട്രംപ്-പുട്ടിന്‍ സമാധാന ചര്‍ച്ച വിജയിച്ചാലും സ്വര്‍ണവില താഴേക്കിറങ്ങും. രാജ്യാന്തര സമ്പദ് മേഖലയില്‍ അസ്വസ്ഥതകള്‍ ഒഴിയുന്നത് സ്വര്‍ണത്തിന് തിരിച്ചടിയാകും.

യുഎസിലേക്കുള്ള സ്വര്‍ണം ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്തില്ലെന്ന് ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. നിലവില്‍ സ്വര്‍ണത്തിന് താരിഫ് ഇല്ല. എന്നാല്‍, സ്വര്‍ണത്തെയും ട്രംപ് ഉന്നമിട്ടേക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നു. ഇതു വില കൂടാനും വഴിവച്ചിരുന്നു.

ഒരു കിലോഗ്രാം, 100 ഔണ്‍സ് സ്വര്‍ണക്കട്ടികള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. യുഎസിലേക്ക് ഏറ്റവുമധികം സ്വര്‍ണം കയറ്റുമതി ചെയ്യുന്ന സ്വിറ്റ്‌സര്‍ലന്‍ഡിന് 39% തീരുവയാണ് ട്രംപ് പ്രഖ്യാപിച്ചത്. ഇത് സ്വര്‍ണവിലയില്‍ വമ്പന്‍ വര്‍ധനയ്ക്ക് വഴിയൊരുക്കുമെന്ന് ആശങ്കയും ഉയര്‍ന്നിരുന്നു. ഇതോടെയാണ്, താരിഫ് ഏര്‍പ്പെടുത്തില്ലെന്ന് ട്രംപ് വ്യക്തമാക്കിയത്.

Similar News