സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നേരിയ ആശ്വാസം; പവന് 200 രൂപ താഴ്ന്ന് 75,560 രൂപ
6 ദിവസം കൊണ്ട് പവന് 2,560 രൂപയും ഗ്രാമിന് 335 രൂപയും കൂടിയ ശേഷമാണ് ശനിയാഴ്ച വില കുറഞ്ഞത്;
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവില കൂടി വരുന്ന കാഴ്ചയാണ് കണ്ടത്. ഇത് സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ച് നിരാശയായിരുന്നു. എന്നാല്‍ ശനിയാഴ്ച സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ആഭരണ പ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെ വിശേഷ ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും ഇതോടെ നേരിയ ആശ്വാസമാണ് ലഭിച്ചത്.
വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വര്‍ധിച്ച് യഥാക്രമം 9470 രൂപയും 75760 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇത് റെക്കോര്‍ഡ് വിലയായിരുന്നു. 6 ദിവസം കൊണ്ട് പവന് 2,560 രൂപയും ഗ്രാമിന് 335 രൂപയും കൂടിയ ശേഷമാണ് ശനിയാഴ്ച വില കുറഞ്ഞത്.
ശനിയാഴ്ച സ്വര്‍ണവില ഗ്രാമിന് 25 രൂപ കുറഞ്ഞ് 9,445 രൂപയായി. പവന് 200 രൂപ താഴ്ന്ന് 75,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 20 രൂപ കുറഞ്ഞ് ഗ്രാം വില 7755 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6035 രൂപയും 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3890 രൂപയുമായി. കുറഞ്ഞ വിലയില്‍ ആഭരണം വാങ്ങാന്‍ ഈ കാരറ്റുകളിലെ സ്വര്‍ണമാണ് നല്ലത്. 22 കാരറ്റിലെ ആഭരണങ്ങളേക്കാള്‍ 10,000 രൂപയെങ്കിലും പവന്മേല്‍ കുറവുണ്ടാകും. ഇന്ന് വെള്ളി ഗ്രാമിന് കേരളത്തിലെ വില 125 രൂപയാണ്.
ക്രൂഡ് ഓയില്‍ വില താഴ്ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ രൂപയുടെ മൂല്യം അല്‍പ്പം കൂടി. ഇത് സ്വര്‍ണവില കുറയാന്‍ ഒരു കാരണമാണ്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര രംഗം പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതാണ് നിലവിലെ വെല്ലുവിളി. മറ്റു പല രാജ്യങ്ങളുമായും അമേരിക്കയുടെ വ്യാപാര നയം അത്ര സുഗമമല്ല.
യുഎസിലേക്കുള്ള സ്വര്‍ണം ഇറക്കുമതിക്ക് കനത്ത തീരുവ ഈടാക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇത് വിപണിയില്‍ കടുത്ത ആശങ്ക വിതയ്ക്കുകയും രാജ്യാന്തര വില കുതിച്ചു കയറുകയും ചെയ്തിരുന്നു. ഔണ്‍സിന് 3,380 ഡോളറില്‍ നിന്ന് 3,405 ഡോളര്‍ വരെയാണ് ഉയര്‍ന്നത്.