ആഭരണപ്രിയര്‍ക്ക് സന്തോഷവാര്‍ത്ത; സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 73,280 രൂപ

മൂന്ന് ദിവസത്തിനിടെ 1700 രൂപയോളമാണ് കുറഞ്ഞത്;

Update: 2025-07-26 05:59 GMT

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ശനിയാഴ്ച പവന് ഒറ്റയടിക്ക് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,280 രൂപയായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 9160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്ന് വില കുറഞ്ഞതോടെ ഈ മാസം 18ന് രേഖപ്പെടുത്തിയ വിലയിലേക്ക് സ്വര്‍ണം എത്തി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറയുന്നതാണ് കേരളത്തിലും വില ഇടിയാന്‍ കാരണമായത്.

അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 7515 രൂപയായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5855 രൂപയാണ് ഇന്നത്തെ വില. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3775 രൂപയായി. വെള്ളിയുടെ വിലയില്‍ കേരളത്തില്‍ മാറ്റമില്ല. ഗ്രാമിന് 123 രൂപയില്‍ തുടരുന്നു.

വെള്ളിയാഴ്ച സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞ് 73680 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 9210 രൂപയായിരുന്നു.

ബുധനാഴ്ച 75,000 കടന്ന് സര്‍വകാല റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറയുന്നതാണ് കണ്ടത്. സ്വര്‍ണവില ഇനിയും കൂടുമെന്ന് കരുതിയിടത്തു നിന്നുമാണ് ഇറക്കം. ആഭരണ പ്രിയര്‍ക്കും വിവാഹാവശ്യത്തിനായി വന്‍തോതില്‍ സ്വര്‍ണമെടുക്കാന്‍ കാത്തിരുന്നവര്‍ക്കും ഇന്ന് ആശ്വാസമാണ്. മൂന്ന് ദിവസത്തിനിടെ 1700 രൂപയോളമാണ് കുറഞ്ഞത്. ഇനിയും കുറയുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അനുമാനം.

ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ജുലൈ 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീട് വില ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയ ശേഷമാണ് വീണ്ടും കുറയാന്‍ തുടങ്ങിയത്.

നാല് ദിവസം മുമ്പ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 3430 ഡോളറില്‍ എത്തിയിരുന്നു. ഇന്ന് 3336 ഡോളറിലാണ്. ഇത്രയും കുറഞ്ഞതിനാലാണ് കേരളത്തിലും വില താഴ്ന്ന് വരുന്നത്. ഡോളര്‍ കരുത്ത് കാര്യമായി കൂടിയിട്ടില്ല. ഡോളര്‍ കരുത്ത് വര്‍ധിപ്പിക്കുക കൂടി ചെയ്താല്‍ സ്വര്‍ണവില ഇനിയും കുറയും. മാത്രമല്ല, ക്രൂഡ് ഓയില്‍ വിലയിലും കാര്യമായ മാറ്റമില്ല.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറ്റു രാജ്യങ്ങള്‍ക്കെതിരെ ഉയര്‍ത്തിയ താരിഫ് ഭീഷണിക്ക് ഇപ്പോള്‍ അയവ് വന്നിട്ടുണ്ട്. ജപ്പാനുമായി പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കരാര്‍ ഒപ്പുവച്ചു. യൂറോപ്പുമായും സഹകരിച്ചുമുന്നോട്ട് പോകുമെന്നാണ് സൂചന. ഇന്ത്യയും ബ്രിട്ടനും വ്യാപാര കരാറില്‍ ഒപ്പുവച്ചതും വിപണിക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഇതെല്ലാം സ്വര്‍ണവിലയില്‍ ഇടിവ് വരാനുള്ള കാരണമാണ്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഇന്ന് ആഭരണം വാങ്ങുന്നവര്‍ക്ക് 79000 വരെ ചെലവ് പ്രതീക്ഷിക്കാം. പഴയ സ്വര്‍ണം ഒരു പവന്‍ വില്‍ക്കുന്നവര്‍ക്ക് 71000 രൂപയ്ക്ക് മുകളില്‍ കൈയ്യില്‍ കിട്ടും.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

Similar News