സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസമായി വിലയിലെ ഇടിവ്; പവന് 1000 രൂപ കുറഞ്ഞു
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ് കേരളത്തിലും വില താഴാന്‍ കാരണം;
കഴിഞ്ഞദിവസം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് വര്‍ധനയായിരുന്നു രേഖപ്പെടുത്തിയത്. ആഭരണപ്രിയരെയും വ്യാപാരികളെയും ഒരുപോലെ നിരാശയിലാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കൂടിയതുപോലെ ഇടിഞ്ഞിരിക്കുകയാണ് സ്വര്‍ണവില. ബുധനാഴ്ച ഗ്രാമിന് ഒറ്റയടിക്ക് 95 രൂപ ഉയര്‍ന്ന് വില 9,380 രൂപയും പവന് 760 രൂപ ഉയര്‍ന്ന് 75,040 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. ഗ്രാം വില 9,350 രൂപയും പവന്‍ 75,000 രൂപയെന്ന നാഴികക്കല്ലും തകര്‍ത്തത് ചരിത്രത്തിലാദ്യമാണ്.
വ്യാഴാഴ്ച ഗ്രാമിന് ഒറ്റയടിക്ക് 125 രൂപ കുറഞ്ഞ് വില 9,255 രൂപയിലും പവന് 1,000 രൂപ ഇടിഞ്ഞ് 74,040 രൂപയിലുമെത്തി. യുഎസിലെ പലിശനിരക്ക് സംബന്ധിച്ച അനിശ്ചിതത്വം, ഡോളറിന്റെ വീഴ്ച, തീരുമാനമാകാതെ നീളുന്ന യുഎസ്-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര ചര്‍ച്ച തുടങ്ങിയ ഘടകങ്ങളുടെ കരുത്തിലായിരുന്നു കഴിഞ്ഞദിവസത്തെ സ്വര്‍ണത്തിന്റെ കുതിപ്പ്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതാണ് കേരളത്തിലും വില താഴാന്‍ കാരണം. വരും ദിവസങ്ങളിലും നേരിയ തോതിലുള്ള വില ഇടിവ് പ്രതീക്ഷിക്കുന്നു. അതേസമയം, രൂപയുടെ മൂല്യം വന്‍തോതില്‍ ഉയര്‍ന്നാല്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റം വരും.
ആഗോള വിപണിയില്‍ വലിയ മാറ്റമാണ് ഇന്ന് സംഭവിച്ചത്. അതിന് കാരണം അമേരിക്കയുടെ വ്യാപാര പോരിന്റെ ആശങ്ക കുറഞ്ഞതാണ്. ഇന്ന് പുതിയ കരാര്‍ ഒപ്പുവയ്ക്കുന്നതോടെ വീണ്ടും സ്വര്‍ണവില കുറഞ്ഞേക്കുമെന്ന് കരുതുന്നു.
ജപ്പാനുമായി കുറഞ്ഞ താരിഫില്‍ വ്യാപാര കരാര്‍ ഒപ്പുവയ്ക്കാന്‍ അമേരിക്ക തയ്യാറായി. യൂറോപ്പുമായി ഉടന്‍ പുതിയ കരാര്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങുകയാണ് അമേരിക്ക. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ പുതിയ വ്യാപാര ഉടമ്പടി ഉടന്‍ ഒപ്പുവയ്ക്കും. ഇതെല്ലാം വിപണിക്ക് പ്രതീക്ഷ നല്‍കുന്ന മാറ്റങ്ങളാണ്. വ്യാപാരം മെച്ചപ്പെടുന്നതിനാല്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ തിരിയില്ലെന്നും ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 105 രൂപ താഴ്ന്ന് 7590 രൂപയായി. 14 കാരറ്റ് ഗ്രാമിന് 5915 രൂപയിലെത്തി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 3810 രൂപയാണ് ഇന്ന് നല്‍കേണ്ടത്. വെള്ളിയുടെ ഗ്രാം വില 125 രൂപയാണ്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 3382 ഡോളറിലേക്ക് വീണു.