4 ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 73,160 രൂപ
4 ദിവസത്തിനിടെ ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയുമാണ് കൂടിയത്;
ആഭരണ പ്രേമികള്‍ക്കും വിവാഹാവശ്യത്തിന് സ്വര്‍ണം വാങ്ങുന്നവര്‍ക്കും ആശ്വാസമായി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. തുടര്‍ച്ചയായ 4 ദിവസത്തെ കുതിപ്പിന് ശേഷമാണ് ഇപ്പോഴത്തെ ഇടിവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 9,145 രൂപയും പവന് 80 രൂപ കുറഞ്ഞ് 73,160 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്. കഴിഞ്ഞ 4 ദിവസത്തിനിടെ ഗ്രാമിന് 155 രൂപയും പവന് 1,240 രൂപയുമാണ് കൂടിയത്. സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണവിലയിലും വെള്ളിവിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ചില കടകളില്‍ 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 7,535 രൂപയായി. മറ്റു ചില കടകളില്‍ 5 രൂപ കുറഞ്ഞ് 7,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ചില അസോസിയേഷനുകള്‍ ഏതാനും നാളുകളായി 18 കാരറ്റ് സ്വര്‍ണത്തിനും വെള്ളിക്കും വ്യത്യസ്ത വിലയാണ് നിശ്ചയിക്കുന്നത്. വെള്ളി വില ചില കടകളില്‍ റെക്കോര്‍ഡില്‍ നിന്ന് താഴ്ന്നിറങ്ങി 123 രൂപയായി. 2 രൂപയാണ് കുറഞ്ഞത്. മറ്റു ചില കടകളില്‍ 2 രൂപതന്നെ താഴ്ന്ന് 122 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
രാജ്യാന്തര സ്വര്‍ണവില ഇന്നലെ കുറിച്ച 3,370 ഡോളറില്‍ നിന്ന് ഇന്ന് 3,360 ഡോളര്‍ നിലവാരത്തിലേക്ക് താഴ്ന്നത് കേരളത്തിലും ചെറിയ വിലയിറക്കത്തിന് വഴിവച്ചു. അതേസമയം, ഔണ്‍സിന് 3,341 ഡോളര്‍ വരെ താഴ്ന്നശേഷമാണ് രാജ്യാന്തര വിലയിലെ കരകയറ്റം. വില കുറഞ്ഞുനില്‍ക്കുമ്പോഴുള്ള കനത്ത വാങ്ങല്‍ ട്രെന്‍ഡ് അഥവാ ഡിപ്-ബയിങ് തകൃതിയായതാണ് കാരണം. ഈ ട്രെന്‍ഡ് സ്വര്‍ണവിലയെ കൂടുതല്‍ മുന്നോട്ട് നയിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.