3 ദിവസത്തെ കുതിപ്പിന് ബ്രേക്കിട്ട് സ്വര്‍ണം; പവന് ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കൂടിയിരുന്നു;

Update: 2025-07-04 06:08 GMT

സ്വര്‍ണാഭരണ പ്രിയര്‍ക്കും വിവാഹാവശ്യത്തിന് സ്വര്‍ണം എടുക്കുന്നവര്‍ക്കും ആശ്വാസമായി സംസ്ഥാനത്ത് സ്വര്‍ണവിലകുറഞ്ഞു. മൂന്നുദിവസത്തെ കുതിപ്പിന് ശേഷമാണ് ഇപ്പോഴത്തെ ഇടിവ്. കഴിഞ്ഞ ആഴ്ചകളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് കണ്ടതെങ്കില്‍ ഈ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ വില കൂടുന്ന പ്രവണതയായിരുന്നു. സ്വര്‍ണവില കുറയാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടി നല്‍കിയാണ് തുടര്‍ന്നുള്ള വര്‍ധനവ്.

എന്നാല്‍ ഇന്ന് വീണ്ടും ഉപഭോക്താക്കളെ സംബന്ധിച്ച് പ്രതീക്ഷ ഉയര്‍ത്തിയിരിക്കയാണ്. വെള്ളിയാഴ്ച വന്‍ കുറവാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് ഒറ്റയടിക്ക് 55 രൂപ കുറഞ്ഞ് വില 9,050 രൂപയും പവന് 440 രൂപ താഴ്ന്ന് 72,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഗ്രാമിന് 190 രൂപയും പവന് 1,520 രൂപയും കൂടിയിരുന്നു.

18 കാരറ്റ് സ്വര്‍ണവിലയിലും കുറവുണ്ട്. ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എ.കെ.ജി.എസ്.എം.എ) വിലനിര്‍ണയ പ്രകാരം ഇന്ന് സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 45 രൂപ താഴ്ന്ന് 7,470 രൂപയിലെത്തി. വെള്ളി വില ഗ്രാമിന് 119 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നു.

എസ്. അബ്ദുല്‍ നാസര്‍ വിഭാഗം എ.കെ.ജി.എസ്.എം.എ ഇന്നു 18 കാരറ്റ് സ്വര്‍ണത്തിന് നല്‍കിയ വില ഗ്രാമിന് 45 രൂപ കുറച്ച് 7,425 രൂപ. വെള്ളി വില ഗ്രാമിന് 116 രൂപയില്‍ നിലനിര്‍ത്തി. കനംകുറഞ്ഞ (ലൈറ്റ് വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉള്‍പ്പെടെ കല്ലുകള്‍ പതിച്ച ആഭരണങ്ങളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വര്‍ണം.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊണ്ടുവന്ന 'എ ബിഗ്, ബ്യൂട്ടിഫുള്‍' നികുതിനിയമവും യുഎസില്‍ ജൂണിലെ പുതിയ തൊഴില്‍ക്കണക്ക് പ്രവചനങ്ങളെ കടത്തിവെട്ടി ഉയര്‍ന്നതും ഡോളറിന് പകര്‍ന്ന കരുത്താണ് സ്വര്‍ണത്തിനു തിരിച്ചടിയായത്.

ബിഗ്, ബ്യൂട്ടിഫുള്‍ നികുതി നിയമം യുഎസിന്റെ അതിവേഗ സാമ്പത്തിക വളര്‍ച്ചയാണ് ഉന്നമിടുന്നതെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതു ഫലത്തില്‍ ഡോളറിനു കരുത്താകും. ഡോളര്‍ ശക്തിപ്പെടുന്നത് സ്വര്‍ണത്തിനു തിരിച്ചടിയാകും. സ്വര്‍ണം വാങ്ങുക ചെലവേറിയതാകുമെന്നതാണ് കാരണം. ഇതു ഡിമാന്‍ഡിനെ ബാധിക്കുകയും വില കുറയുകയും ചെയ്യും.

യുഎസില്‍ കഴിഞ്ഞമാസം പുതിയ തൊഴിലവസരങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടിയെന്നത്, യുഎസ് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നുവെന്നു സൂചിപ്പിക്കുന്നു. സമ്പദ് വ്യവസ്ഥയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വിലയിരുത്തി ഈ മാസം അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനിരുന്ന കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിനെ മാറി ചിന്തിക്കാന്‍ ഇതു പ്രേരിപ്പിക്കും. പലിശ കുറയുന്നത് സംബന്ധിച്ച അനിശ്ചിതത്വം ഉടലെടുത്തതും സ്വര്‍ണത്തിനു തിരിച്ചടിയായി.

ഇന്നലെ ഔണ്‍സിന് 3,360 ഡോളറിനടുത്തായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇന്നൊരുഘട്ടത്തില്‍ 3,324 ഡോളറിലേക്കു വീണു. ഇതു കേരളത്തിലും വില കുറയാന്‍ സഹായിച്ചു.

രാജ്യാന്തര സ്വര്‍ണവില, രൂപ-ഡോളര്‍ വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ മുംബൈ വിപണിവില, ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകള്‍ സ്വര്‍ണ വ്യാപാരികളില്‍ നിന്ന് ഈടാക്കുന്ന നിരക്ക് (ബാങ്ക് റേറ്റ്) എന്നിവ അടിസ്ഥാനമാക്കിയാണ് ഓരോ ദിവസവും രാവിലെ കേരളത്തില്‍ സ്വര്‍ണവില നിര്‍ണയം.

ഇന്നു ഡോളറിനെതിരെ രൂപ 8 പൈസ താഴ്ന്ന് 85.39ലാണ് വ്യാപാരം ആരംഭിച്ചത്. രൂപ തളര്‍ന്നില്ലായിരുന്നെങ്കില്‍ സ്വര്‍ണവില ഇന്നു കൂടുതല്‍ കുറയുമായിരുന്നു. മുംബൈയില്‍ സ്വര്‍ണവില കുറഞ്ഞത് ഗ്രാമിന് 59 രൂപ. ബാങ്ക് റേറ്റ് ഗ്രാമിന് 58 രൂപ കുറഞ്ഞതും കേരളത്തിലെ വിലയെ സ്വാധീനിച്ചു.

സ്വര്‍ണം ആഭരണമായി വാങ്ങുമ്പോള്‍ 3% ജി.എസ്.ടി, 45 രൂപയും അതിന്റെ 18% ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ചാര്‍ജ് (53.10 രൂപ), പണിക്കൂലി എന്നിവയും ബാധകമാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇതു 3 മുതല്‍ 35 ശതമാനം വരെയൊക്കെയാകാം. 5% പണിക്കൂലി കണക്കാക്കിയാല്‍ത്തന്നെ ഇന്നു കേരളത്തില്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ 78,000 രൂപയ്ക്ക് മുകളിലാകും. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് വാങ്ങല്‍വില 9,800 രൂപയോളവും.

Similar News