സ്വര്‍ണമെടുക്കുന്നവര്‍ക്ക് നേരിയ ആശ്വാസം; പവന് 280 രൂപ കുറഞ്ഞ് 71,520

കഴിഞ്ഞ 5 ദിവസത്തിനിടെ പവന് 2,900 രൂപയിലധികം കൂടിയശേഷമാണ് വെള്ളിയാഴ്ച നേരിയ കുറവ് അനുഭവപ്പെട്ടത്.;

Update: 2025-05-23 06:19 GMT

സ്വര്‍ണം വാങ്ങുന്നവര്‍ക്കും ആഭരണ പ്രിയര്‍ക്കും നേരിയ ആശ്വാസം. സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. രണ്ടാഴ്ചത്തെ കുതിപ്പിന് ശേഷമാണ് ഇപ്പോള്‍ അല്‍പമെങ്കിലും കുറഞ്ഞത്. സ്വര്‍ണത്തില്‍ നിക്ഷേപകര്‍ ലാഭമെടുപ്പ് തകൃതിയാക്കിയതോടെയാണ് സംസ്ഥാനത്തും സ്വര്‍ണ വില കുറഞ്ഞത്.

ഈ ആഴ്ച സ്വര്‍ണ വിപണിയില്‍ പൊതുവെ നേരിയ ചാഞ്ചാട്ടമായിരുന്നു ദൃശ്യമായത്. ഓരോ ദിവസവും ഏറ്റക്കുറച്ചിലുകള്‍ പ്രകടമായിരുന്നു. ഇന്നും സ്വര്‍ണം മുകളിലേക്ക് പോയേക്കും എന്ന ആശങ്കകകള്‍ക്കിടെയാണ് വില താഴേക്ക് വീണത്.

സംസ്ഥാനത്ത് ഗ്രാമിന് 35 രൂപ കുറഞ്ഞ് വില 8,940 രൂപയും പവന് 280 രൂപ കുറഞ്ഞ് 71,520 രൂപയുമായി. വ്യാഴാഴ്ച സംസ്ഥാനത്ത് ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8,975 രൂപയും പവന് 360 രൂപ ഉയര്‍ന്ന് 71,800 രൂപയിലാണ് വ്യാപാരം നടന്നത്.

കഴിഞ്ഞ 5 ദിവസത്തിനിടെ പവന് 2,900 രൂപയിലധികം കൂടിയശേഷമാണ് വെള്ളിയാഴ്ച നേരിയ കുറവ് അനുഭവപ്പെട്ടത്. എട്ടാം തിയതി രേഖപ്പെടുത്തിയ 73040 ആണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന പവന്‍ വില. മേയ് 15 ന് രേഖപ്പെടുത്തിയ 68880 ആണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

കേരളത്തില്‍ ചില കടകളില്‍ 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 7,370 രൂപയായപ്പോള്‍ മറ്റു ചില കടകള്‍ ഗ്രാമിന് 30 രൂപ കുറച്ച് 7,325 രൂപയിലാണ് വ്യാപാരം നടത്തുന്നത്. വെള്ളിക്ക് ചില കടകളില്‍ ഗ്രാമിന് 111 രൂപയും മറ്റ് കടകളില്‍ 110 രൂപയുമാണ് വില. വെള്ളിവില ഇന്നു മാറിയിട്ടില്ല. സ്വര്‍ണവില നിര്‍ണയത്തില്‍ സംസ്ഥാനത്തെ വ്യാപാരി അസോസിയേഷനുകള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഇപ്പോഴും നിലനില്‍ക്കുകയാണ്.

രാജ്യാന്തര വില കഴിഞ്ഞദിവസം കുറിച്ച ഔണ്‍സിന് 3,344 ഡോളര്‍ നിലവാരത്തില്‍ നിന്ന് കനത്ത ലാഭമെടുപ്പിനെ തുടര്‍ന്ന് ഇന്ന് 3,290 ഡോളര്‍ നിലവാരത്തിലേക്ക് വീണതാണ് കേരളത്തിലും വില കുറയാന്‍ സഹായിച്ചത്. അതേസമയം, രാജ്യാന്തര വില 3,308 ഡോളര്‍ നിലവാരത്തിലേക്ക് അല്‍പം കരകയറിയതും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 37 പൈസയും ഇന്ന് രാവിലെ വ്യാപാരത്തുടക്കത്തില്‍ 15 പൈസയും ഇടിഞ്ഞ് 86.10ല്‍ എത്തിയതും കേരളത്തില്‍ സ്വര്‍ണത്തിന് വിലക്കുറവിന്റെ ആക്കം കുറച്ചു. അല്ലായിരുന്നെങ്കില്‍ ഇന്ന് പവന് 500 രൂപയിലധികം കുറയേണ്ടതായിരുന്നു.

അതേസമയം സ്വര്‍ണവിലയില്‍ ഇനിയും ചാഞ്ചാട്ടം പ്രതീക്ഷിക്കാം എന്നാണ് വിപണിയില്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നത്. ഭൗമ - രാഷ്ട്രീയ സംഘര്‍ഷങ്ങള്‍, ഡോളര്‍, എണ്ണ വില, യുഎസ് ഫെഡ് നിരക്ക് തുടങ്ങി കാലാവസ്ഥ വരെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തില്‍ മഞ്ഞുരുകുന്നത് സ്വര്‍ണ വിലയെ കാര്യമായി സ്വാധീനിക്കും എന്നാണ് വിലയിരുത്തല്‍.

ഇന്നത്തെ വില അനുസരിച്ച് ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാന്‍ 75000 രൂപയെങ്കിലും ചെലവാകും. പവന്‍ വിലയ്ക്കും പണിക്കൂലിയ്ക്കും പുറമെ ജി എസ് ടി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവ കൂടി കൊടുത്താലെ സ്വര്‍ണം വാങ്ങിക്കാനാകൂ.

Similar News