സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,365 രൂപ
പുതിയ വ്യാപാര കരാറുകളില്‍ വന്‍ശക്തി രാജ്യങ്ങള്‍ ധാരണയായത് സ്വര്‍ണവില കുറയാന്‍ ഇടയാക്കി.;
വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കും ആഭരണപ്രേമികള്‍ക്കും ആശ്വാസമായി സ്വര്‍വിലയിലെ കുറവ്. ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ കനത്ത ഇടിവാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് ഒറ്റയടിക്ക് 165 രൂപ കുറഞ്ഞ് വില 8,880 രൂപയും പവന് 1,365 രൂപ താഴ്ന്ന് 71,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 70040 രൂപയായിരുന്നു. പിന്നീട് വലിയ കുതിപ്പ് നടത്തി 73040 രൂപ വരെ എത്തി. അതിന് ശേഷം വില കുത്തനെ കുറഞ്ഞ ശേഷം ഉയരുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ വില കുതിക്കുമെന്ന സൂചന നല്‍കിയിരുന്നു എങ്കിലും ഇന്ത്യ-പാകിസ്താന്‍ തര്‍ക്കം രമ്യതയിലെത്തിയതാണ് പുതിയ മാറ്റത്തിന് കാരണം. ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് മുന്നേറ്റം കാഴ്ചവച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഓഹരി വിപണി കുതിക്കാനും സ്വര്‍ണവില കുറയാനുമാണ് സാധ്യത എന്ന് വ്യാപാര വിദഗ്ധര്‍ പറയുന്നു.
രണ്ടാഴ്ച മുമ്പ് ഔണ്‍സിന് 3,500 ഡോളറായിരുന്ന രാജ്യാന്തര വിലയാണ് നിലവില്‍ 3,300 ഡോളറിന് താഴെയുള്ളത്. യുദ്ധ, സാമ്പത്തിക അനിശ്ചിതത്വ പ്രതിസന്ധികള്‍ അകലുകയും ഡോളര്‍, കടപ്പത്രം, ഓഹരി വിപണികള്‍ എന്നിവ കരകയറുകയും ചെയ്യുന്നത് സ്വര്‍ണനിക്ഷേപ പദ്ധതികളുടെ തിളക്കം കെടുത്താനും വില ഇടിയാനും വഴിവച്ചേക്കാം.
ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധസമാന സാഹചര്യത്തിന് ശമനമുണ്ടായതും ലോക സമ്പദ് വ്യവസ്ഥയെയാകെ ആശങ്കയുടെ നിഴലിലാഴ്ത്തിനിന്ന യുഎസ്-ചൈന തീരുവത്തര്‍ക്കം സമവായത്തിലേക്ക് കടന്നതുമാണ് സ്വര്‍ണവിലയെ പ്രധാനമായും റിവേഴ്‌സ് ഗിയറിലാക്കിയത്.
പുതിയ വ്യാപാര കരാറുകളില്‍ വന്‍ശക്തി രാജ്യങ്ങള്‍ ധാരണയായത് സ്വര്‍ണവില കുറയാന്‍ ഇടയാക്കി. ചൈനയുമായുള്ള അമേരിക്കയുടെ ചര്‍ച്ച ഫലം കണ്ടാല്‍ ഇനിയും സ്വര്‍ണവില കുറയും.
യുദ്ധം, സാമ്പത്തിക അനിശ്ചിതത്വം തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം 'സുരക്ഷിത നിക്ഷേപം' എന്ന പെരുമ സ്വര്‍ണത്തിനുണ്ട്. ഈ സാഹചര്യങ്ങളില്‍ ഓഹരി, കടപ്പത്ര വിപണികളെ കൈവിടുന്ന നിക്ഷേപകര്‍ പണം സുരക്ഷിതമാക്കാനായി ഗോള്‍ഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലേക്ക് മാറ്റും. അതോടെ സ്വര്‍ണവില കൂടും. കഴിഞ്ഞ ആഴ്ചകളില്‍ അതായിരുന്നു ട്രെന്‍ഡ്.
ഭീമ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (AKGSMA) നിര്‍ണയപ്രകാരം18 കാരറ്റ് സ്വര്‍ണവിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 135 രൂപ ഇടിഞ്ഞ് 7,320 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിവില ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 108 രൂപയും.
എസ്. അബ്ദുല്‍ നാസര്‍ വിഭാഗം എ.കെ.ജി.എസ്.എം.എ 18 കാരറ്റ് സ്വര്‍ണത്തിന് 135 രൂപ കുറച്ച് വില 7,290 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. വെള്ളി ഒരു രൂപ കുറച്ച് 108 രൂപയുലുമാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണവില കുറഞ്ഞതോടെ ആനുപാതികമായി നികുതിഭാരവും കുറയുമെന്നത് ഉപഭോക്താക്കള്‍ക്ക് നേട്ടമാണ്. ഇന്ന് പവന് വില 71,040 രൂപ. 3% ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ഫീസ് (53.10 രൂപ), പണിക്കൂലി (മിനിമം 5% കണക്കാക്കിയാല്‍) എന്നിവയും ചേര്‍ന്നാല്‍ ഇന്ന് കേരളത്തില്‍ ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ട വില 76,885 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 9,610 രൂപയും. കഴിഞ്ഞവാരങ്ങളില്‍ പവന്റെ വാങ്ങല്‍വില 80,000 രൂപയ്ക്കടുത്തായിരുന്നു.