അക്ഷയ തൃതീയ ദിനത്തില്‍ സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണവില
രാജ്യാന്തര സ്വര്‍ണവില കുറഞ്ഞിട്ടും കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല.;
തുടര്‍ച്ചയായ വര്‍ധനവിന് ശേഷം അടുത്തിടെ സ്വര്‍ണത്തിന് വില കുറഞ്ഞതിലുള്ള സന്തോഷത്തിലായിരുന്നു ആഭരണ പ്രേമികളും വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വേണ്ടി സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവരും. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ തെറ്റിച്ച് കഴിഞ്ഞദിവസം സ്വര്‍ണവില കൂടി. ഗ്രാമിന് 8,980 രൂപയിലും പവന് 71,840 രൂപയിലുമാണ് കഴിഞ്ഞദിവസം വ്യാപാരം നടന്നത്.
അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങാനായി കാത്തിരുന്നവരേയും വില കൂടിയത് കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയത്. എങ്കിലും ഇന്ന് വില കുറയുമെന്ന പ്രതീക്ഷയിലായിരുന്നു സ്വര്‍ണം വാങ്ങാനായി കാത്തിരുന്നവര്‍. എന്നാല്‍ പ്രതീക്ഷകളെല്ലാം തെറ്റിച്ച് ബുധനാഴ്ച സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്നു.
രാജ്യാന്തര സ്വര്‍ണവില കുറഞ്ഞിട്ടും കേരളത്തില്‍ ഇന്നു സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 8,980 രൂപയിലും പവന് 71,840 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തരവില ഔണ്‍സിന് 3,325 ഡോളറില്‍ നിന്ന് 3,304 ഡോളറിലേക്ക് കുറഞ്ഞിട്ടുണ്ട്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയും ഇന്ന് 10 പൈസയുടെ നേട്ടത്തോടെ 85.15ലാണ് വ്യാപാരം തുടങ്ങിയത്. ഇതും കേരളത്തില്‍ സ്വര്‍ണവില കുറയാനുള്ള അനുകൂലഘടകമാണെങ്കിലും വില മാറിയില്ല. ഗ്രാമിന് 10-20 രൂപയും പവന് 80-160 രൂപയും കുറയേണ്ടതായിരുന്നു.
18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 7,435 രൂപയില്‍ മാറ്റമില്ലാതെ നില്‍ക്കുന്നു. തുടര്‍ച്ചയായ മൂന്നാംദിവസവും വെള്ളിക്ക് ഗ്രാമിന് 109 രൂപ തന്നെയാണ് വില. 3% ജി.എസ്.ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാല്‍) എന്നിവയും ചേരുമ്പോള്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 77,750 രൂപയാണ് നല്‍കേണ്ടത്. ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് 9,718 രൂപയും. ചില കടകളില്‍ 18 കാരറ്റ് സ്വര്‍ണത്തിന് 7,395 രൂപയാണ് ഇന്നു വില.
കഴിഞ്ഞവര്‍ഷത്തെ അക്ഷയ തൃതീയ ദിനത്തെ അപേക്ഷിച്ച് ഇത്തവണ വന്‍തോതില്‍ വില കൂടിനില്‍ക്കുകയാണെങ്കിലും കടകളില്‍ സ്വര്‍ണം വാങ്ങാനെത്തുന്നവരുടെ തിരക്ക് കൂടുന്നത് വ്യാപാരികളെ സംബന്ധിച്ച് സന്തോഷമാണ്.
ഉപഭോക്താക്കള്‍ വില കുറഞ്ഞുനിന്ന സമയത്ത് അഡ്വാന്‍സ് ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തിയത് അനുകൂലമായി. ബുക്കിങ്ങിന് ശേഷം വില കൂടിയാലും അത് ഇവരെ ബാധിക്കില്ലെന്നത് നേട്ടമാണ്. ഇത്തവണയും അക്ഷയതൃതീയയ്ക്ക് 1,500 കോടി രൂപയില്‍ കുറയാത്ത വില്‍പന നടക്കുമെന്നാണ് കേരളത്തിലെ വ്യാപാരികളുടെ കണക്ക് കൂട്ടല്‍.