സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; വരും ദിവസങ്ങളില്‍ ഇനിയും വില കുറയുമോ?

ആഗോളതലത്തില്‍ സാമ്പത്തിക, ഭൗമരാഷ്ട്രീയ രംഗങ്ങളിലുണ്ടാകുന്ന ചലനങ്ങള്‍ സ്വര്‍ണവിലയെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്.;

Update: 2025-05-17 05:39 GMT

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച ഗ്രാമിന് 8,720 രൂപയും പവന് 69,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞദിവസം ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്‍ധിച്ചിരുന്നു. അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിനും വെള്ളിക്കും വില മാറിയിട്ടില്ലെങ്കിലും വ്യത്യസ്ത അസോസിയേഷനുകള്‍ക്ക് കീഴിലെ കടകളില്‍ വ്യത്യസ്ത വിലയാണുള്ളത്.

ചില കടകളില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7,185 രൂപയിലും മറ്റു കടകളില്‍ 7,150 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിക്ക് ചില കടകളില്‍ ഗ്രാമിന് 108 രൂപയും മറ്റുകടകളില്‍ 107 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലിയും നികുതിയുമെല്ലാം ചേര്‍ത്ത് 75,499 രൂപയെങ്കിലുമാകും.

ആഗോളതലത്തില്‍ സാമ്പത്തിക, ഭൗമരാഷ്ട്രീയ രംഗങ്ങളിലുണ്ടാകുന്ന ചലനങ്ങള്‍ സ്വര്‍ണവിലയെ ആഴത്തില്‍ സ്വാധീനിക്കുന്നുണ്ട്. വെള്ളിയാഴ്ച ഔണ്‍സിന് 3,251 ഡോളര്‍ വരെ കയറിയ രാജ്യാന്തരവില, പിന്നീട് 3,210 ഡോളറിലേക്ക് താഴ്ന്നിരുന്നു. നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത് 3,201 ഡോളറില്‍.

യുദ്ധം അവസാനിപ്പിക്കാനുള്ള റഷ്യ-യുക്രെയ്ന്‍ ചര്‍ച്ചകള്‍, താരിഫ് (ഇറക്കുമതി ചുങ്കം) പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിവിധ രാജ്യങ്ങളുമായി യുഎസ് നടത്തുന്ന ചര്‍ച്ചകള്‍, ന്യൂക്ലിയര്‍ വിഷയത്തില്‍ ബദ്ധവൈരികളായ യുഎസും ഇറാനും തമ്മിലെ സമവായ ചര്‍ച്ചകള്‍ എന്നിവ സ്വര്‍ണവിലയുടെ കുതിപ്പിന് പ്രതികൂലമാണ്. ഏപ്രില്‍ 22ന് കുറിച്ച ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ റെക്കോര്‍ഡ്.

ഇനിയൊരു കുതിപ്പിന് മുമ്പ് രാജ്യാന്തര വില 2,980 ഡോളറിലേക്ക് വീണേക്കാമെന്ന് ചില അനലിസ്റ്റുകള്‍ പറയുന്നു. അങ്ങനെയെങ്കില്‍ കേരളത്തില്‍ പവന്‍വില 67,000 രൂപയ്ക്കും താഴെയെത്താം. മറ്റു ചിലര്‍ 2,800 ഡോളറിന് താഴെയെത്തിയേക്കാമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഈ വാദത്തിന് വലിയ പിന്തുണയില്ല. രാജ്യാന്തരവില ഔണ്‍സിന് 2,800ലേക്ക് താഴ്ന്നാല്‍ കേരളത്തില്‍ പവന്‍ 64,000 രൂപയ്ക്കും താഴെയാകും.

അതേസമയം, സ്വര്‍ണത്തിന് അനുകൂലമായേക്കുന്ന നിരവധി ഘടകങ്ങളുമുണ്ട്. ഒന്ന്, ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ് നേരിടുന്ന സമ്പദ് പ്രതിസന്ധി. യുഎസില്‍ കഴിഞ്ഞമാസം റീട്ടെയ്ല്‍ സെയില്‍സ്, പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡക്‌സ് വളര്‍ച്ചനിരക്കുകള്‍ പ്രതീക്ഷിച്ചിതിലും മോശമായിരുന്നു. ഇതിനു പിന്നാലെ, ഉപഭോക്തൃസംതൃപ്തി ഇടിഞ്ഞുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. യുഎസ് ഡോളര്‍ ഇന്‍ഡക്‌സും താഴ്ന്നു. ഇതെല്ലാം സ്വര്‍ണവിലയെ കരകയറ്റാന്‍ പോന്ന കാര്യങ്ങളാണ്.

അതുകൊണ്ടുതന്നെ സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ കുറയാന്‍ കാത്തുനില്‍ക്കാതെ എത്രയും പെട്ടെന്ന് വാങ്ങുന്നത് നന്നായിരിക്കും. മുന്‍കൂട്ടി ബുക്കിംഗ് നടത്തിയവര്‍ക്ക് സ്വര്‍ണത്തിലെ ഏറ്റക്കുറച്ചിലുകള്‍ വലിയ പ്രയാസം ഉണ്ടാക്കുന്നില്ല.

Similar News