മുല്‍ക്കി മുഹമ്മദ് ഷെരീഫിന്റെ മരണത്തിന് കാരണമായത് കഴുത്തിന്റെ മുന്‍വശത്തെയും പിറകുവശത്തെയും വെട്ടാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
ചൂതാട്ട കേന്ദ്രത്തിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.;
മഞ്ചേശ്വരം: ഓട്ടോറിക്ഷാ ഡ്രൈവര്‍ മംഗളൂരു മുല്‍ക്കി സ്വദേശി മുഹമ്മദ് ഷെരീഫിന്റെ മരണത്തിന് കാരണം കഴുത്തിന്റെ മുന്‍വശത്തും പിറകുവശത്തുമേറ്റ ഓരോ വെട്ടാണെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. മുഹമ്മദ് ഷെരീഫിന്റെ മൃതദേഹം പെരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ കഴുത്തിന്റെ മുന്‍വശത്തും പിറകുവശത്തും മൂര്‍ച്ചയേറിയ വാള്‍ കൊണ്ട് വെട്ടിയത് കാരണമാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാണെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു.
ചൂതാട്ട കേന്ദ്രത്തിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അല്ലെങ്കില്‍ ഷെരീഫ് ചൂതാട്ടത്തിലേര്‍പ്പെട്ട് വന്‍ തുക കൈലാക്കി മടങ്ങി പോകുമ്പോള്‍ കൊലയാളി സംഘം യാത്രക്കാരെന്ന വ്യാജ്യേന ഓട്ടോറിക്ഷയില്‍ കയറുകയും പകുതിയിലെത്തിയപ്പോള്‍ ആക്രമിക്കുകയും ചെയ്തെന്നാണ് നിഗമനം. വാള്‍ കൊണ്ടു വെട്ടുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാകാം ഇടത്തെ കൈക്ക് ആഴത്തിലുള്ള മുറിവ് പറ്റിയതെന്നും കരുതുന്നു.
വെപ്രാളത്തില്‍ ഷെരീഫ് ഓടി രക്ഷപ്പെടുന്നതിനിടെ പ്രതികള്‍ പിന്തുടര്‍ന്ന് കഴുത്തില്‍ വെട്ടുകയും മരണം ഉറപ്പാക്കുകയും ചെയ്തു. കിണര്‍ ശ്രദ്ധയില്‍ പെട്ടതോടെ പ്രതികള്‍ മൃതദേഹം കിണറ്റില്‍ തള്ളിയിട്ടതിന് ശേഷം രക്ഷപ്പെട്ടതാകാമെന്നുമാണ് പൊലീസ് സംശയിക്കുന്നത്.