വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഒന്നേകാല്‍ ലക്ഷം രൂപ വില വരുന്ന പുത്തന്‍ ബൈക്ക് കവര്‍ച്ച ചെയ്തു

ഹൊസങ്കടിയിലെ സുപ്രിജീത്ത് റൈയുടെ ബൈക്കാണ് കവര്‍ന്നത്;

Update: 2025-06-21 05:39 GMT

ഇമേജ്: സാങ്കല്‍പികം

മഞ്ചേശ്വരം:പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇരു ചക്ര വാഹനങ്ങള്‍ മോഷണം പോകുന്നത് വ്യാപകമാകുന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഒന്നേകാല്‍ ലക്ഷം രൂപ വിലമതിക്കുന്ന പുത്തന്‍ ബൈക്ക് കവര്‍ച്ച ചെയ്തു. ഹൊസങ്കടിയിലെ സുപ്രിജീത്ത് റൈയുടെ ബൈക്കാണ് കവര്‍ന്നത്. വ്യാഴാഴ്ച രാത്രി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു ബൈക്ക്. വെള്ളിയാഴ്ച രാവിലെ നോക്കിയപ്പോഴാണ് മോഷണം പോയതായി അറിയുന്നത്.

സ്ഥലത്ത് ഒരു മാസത്തിനിടെ മൂന്ന് ഇരുചക്ര വാഹനങ്ങളാണ് കാണാതാകുന്നത്. ഹൊസങ്കടി ടൗണില്‍ പട്ടാപ്പകല്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയ മിയാപ്പദവ് സ്വദേശിയുടെ സ്‌കൂട്ടറും മീന്‍ പിടിക്കാന്‍ ചൂണ്ടയിടുന്നിടത്ത് വെച്ച് മണിമുണ്ട സ്വദേശിയുടെ സ്‌കൂട്ടറും കവര്‍ന്നിരുന്നു.

സ്‌കൂട്ടറിന്റെ പെട്ടിയില്‍ സൂക്ഷിച്ച 15,000 രൂപയും 20,000 രൂപ വില മതിക്കുന്ന ഇലക്ട്രിക് ഉപകരണങ്ങളും നഷ്ടപ്പെട്ടിരുന്നു. ഇതും പട്ടാപ്പകലായിരുന്നു. മോഷണത്തിന് പിന്നില്‍ ഒരേ സംഘമെന്നാണ് പൊലീസ് സംശയിക്കുന്നത്. മയക്കുമരുന്ന് കടത്തുന്ന സംഘമെന്നാണ് പൊലീസിന്റെ ബലമായ സംശയം. മയക്കു മരുന്ന് കടത്തിയതിന് ശേഷം വാഹനങ്ങള്‍ ഉപേക്ഷിക്കുന്നത് പതിവാണ്. പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Similar News