കൊല്ലപ്പെട്ട മുഹമ്മദ് ഷെരീഫിനെ കാണാതായത് ബുധനാഴ്ച മുതല്‍; മുല്‍ക്കി പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു
വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് ഷെരീഫിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.;
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കര്‍ണ്ണാടക മുല്‍ക്കി സ്വദേശി മുഹമ്മദ് ഷെരീഫിനെ കാണാതായത് ബുധനാഴ്ച മുതല്‍. ഷെരീഫിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുകള്‍ വ്യാഴാഴ്ച ഉച്ചയോടെ മുല്‍ക്കി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഷെരീഫ് പതിവുപോലെ ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയുമായി പുറപ്പെട്ടതാണെന്നും മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനരഹിതമാണെന്നും കാണിച്ചാണ് മുല്‍ക്കി പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ ഷെരീഫിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. ഷെരീഫിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത് ദുരൂഹതക്കിടയാക്കിയിട്ടുണ്ട്.
പൊലീസിന് തങ്ങളെക്കുറിച്ചുള്ള വിവരം ലഭിക്കാതിരിക്കാന്‍ കൊലയാളികള്‍ ഫോണ്‍ കൈവശപ്പെടുത്തിയിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്. ഷെരീഫിന്റെ പാന്റിന്റെ കീശയില്‍ നിന്നും പഴ്സ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ കുറച്ചുപണം മാത്രമാണുണ്ടായിരുന്നത്. കൊലയാളികള്‍ ഷെരീഫിനെ വിളിച്ച ഫോണ്‍കോളുകളെക്കുറിച്ചുള്ള വിവരത്തിനായി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി.
കൊലക്ക് പിന്നില്‍ കര്‍ണാടക സ്വദേശികളാണെന്നാണ് പൊലീസിന്റെ ബലമായ സംശയം. തലപ്പാടിയില്‍ പതിഞ്ഞ സി.സി.ടി.വി. ദൃശ്യം പരിശോധിച്ചപ്പോള്‍ ഓട്ടോറിക്ഷ മഞ്ചേശ്വരം ഭാഗത്തേക്ക് കടന്നു പോകുന്ന ദൃശ്യം കണ്ടെത്തിയിരുന്നു. ഓട്ടോയില്‍ കൊലയാളി സംഘം ഉണ്ടാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ നിഗമനം.