മുല്‍ക്കി മുഹമ്മദ് ഷെരീഫ് വധക്കേസില്‍ അന്വേഷണം കര്‍ണ്ണാടകയിലും കുഞ്ചത്തൂരിലെ ചൂതാട്ട കേന്ദ്രത്തിലും

തലപ്പാടിയിലെ ഒരു സി.സി. ടി. വി. ക്യാമറയില്‍ ബുധനാഴ്ച രാത്രി 12 മണിയോടെ ഷെരീഫിന്റെ ഓട്ടോ മഞ്ചേശ്വരം ഭാഗത്തേക്ക് പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.;

Update: 2025-04-12 04:26 GMT

മഞ്ചേശ്വരം: മുല്‍ക്കി മുഹമ്മദ് ഷെരീഫ് കൊലക്കേസില്‍ കര്‍ണ്ണാടകയിലും കുഞ്ചുത്തൂരിലെ ചുതാട്ട കേന്ദ്രത്തിലും അന്വേഷണം ശക്തമാക്കി പൊലീസ്. ഓട്ടോ കടന്ന് പോകുന്ന സി.സി.ടി.വി ദൃശ്യം കണ്ടെത്തി. കര്‍ണാടക മുല്‍ക്കി സ്വദേശിയും മംഗളൂരുവിലെ ഓട്ടോ ഡ്രൈവറുമായ ഷെരീഫിനെ(59) വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം കുഞ്ചുത്തൂര്‍ അടക്കം പള്ളത്ത് സ്വകാര്യ വ്യക്തിയുടെ കിണറിലേക്ക് തള്ളിയ സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

വ്യാഴാഴ്ച രാവിലെ മുതല്‍ പള്ളത്ത് ഓട്ടോ കയറ്റത്തില്‍ ചരിഞ്ഞ് നില്‍ക്കുന്നത് സമീപത്തെ അയല്‍വാസിയാണ് കണ്ടത്. സന്ധ്യ കഴിഞ്ഞിട്ടും ഓട്ടോ അവിടെ തന്നെ കിടക്കുന്നത് കണ്ടതോടെ അയല്‍വാസിക്ക് സംശയം തോന്നുകയും പ്രദേശവാസികളെ വിവരമറിയിക്കുകയുമായിരുന്നു. നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ കിണറിന് സമീപത്ത് രക്തക്കറയും കാണപ്പെട്ടു. തുടര്‍ന്ന് കിണറിലേക്ക് നോക്കിയപ്പോഴാണ് മൃതദേഹം കാണുന്നത്.

ഉടന്‍തന്നെ മഞ്ചേശ്വരം പൊലീസില്‍ വിവരമറിയിക്കുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹത്തിന് കാവലേര്‍പ്പെടുത്തുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് സംഘം മൃതദേഹം പുറത്തെടുത്തപ്പോള്‍ ശരീരത്തില്‍ നിരവധി വെട്ടിയ പാടുകള്‍ കണ്ടെത്തിയതോടെയാണ് കൊലപാതകം ആകാമെന്ന സംശയം ബലപ്പെട്ടത്. പൊലീസ് നായ സ്ഥലത്തെത്തി ചുറ്റുപാടും ഓടി തിരിച്ചെത്തി.

തലപ്പാടിയിലെ ഒരു സി.സി. ടി. വി. ക്യാമറയില്‍ ബുധനാഴ്ച രാത്രി 12 മണിയോടെ ഷെരീഫിന്റെ ഓട്ടോ മഞ്ചേശ്വരം ഭാഗത്തേക്ക് പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. ചിലര്‍ ചേര്‍ന്ന് പള്ളത്ത് ഒരു ചൂതാട്ട കേന്ദ്രം നടത്തുന്നുണ്ട്. ഇവിടെ കര്‍ണ്ണാടകയുടെ പല സ്ഥലത്ത് നിന്നായി പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും എത്തുന്നുണ്ടെന്നാണ് വിവരം.

ഷെരീഫ് ഇവിടേക്ക് ഓട്ടോയില്‍ ആള്‍ക്കാരെ കൊണ്ടുവരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന ചൂതാട്ട കേന്ദ്രത്തിലേക്കാണ് പ്രധാനമായും പൊലീസ് അന്വേഷണം നീങ്ങുന്നത്. മഞ്ചേശ്വരം പൊലീസ് മുല്‍ക്കി ഷെരീഫിന്റെ വീട്ടിലും മംഗളൂരുവിലെ ഓട്ടോ സ്റ്റാന്റിലും അന്വേഷണം നടത്തി.

മുല്‍ക്കി പൊലീസ് സ്റ്റേഷനില്‍ ഷെരീഫിനെതിരെ ഒരു കേസ് പോലും ഇല്ലെന്നാണ് മുല്‍ക്കി പൊലീസ് മഞ്ചേശ്വരം പൊലീസിനെ അറിയിച്ചത്. മഞ്ചേശ്വരം പൊലീസ് ഷെരീഫിനെ പറ്റി മുല്‍ക്കിയിലെ അയല്‍വാസികളോടും ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍മാരോടും അഭിപ്രായം ചോദിച്ചപ്പോള്‍ പ്രശ്നക്കാരനല്ലെന്നാണ് പൊലീസിന് കിട്ടിയ വിവരം.

Similar News