മഞ്ചേശ്വരം മജന്തൂര്‍ കുന്നിന്‍ മുകളില്‍ വീണ്ടും വെടിയൊച്ച; പിന്നില്‍ നായാട്ടുസംഘമെന്ന് നാട്ടുകാര്‍
നായാട്ടു സംഘത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യം;
മഞ്ചേശ്വരം: അടക്ക വ്യാപാരിക്ക് വെടിയേറ്റ കുന്നിന്‍ മുകളില്‍ നിന്ന് വീണ്ടും വെടിയൊച്ച. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തിയില്‍. രണ്ടാഴ്ച മുമ്പ് ബാക്രവയലിലെ അടക്ക വ്യാപാരി നടിവയലിലെ സവാദിനാണ് വെടിയേറ്റത്. ബാക്രവയലിന് സമീപത്തെ മജന്തൂര്‍ കുന്നിന്‍ മുകളില്‍ രാത്രി വെളിച്ചം കണ്ടതിനെ തുടര്‍ന്ന് സവാദും മറ്റു മൂന്ന് പേരും ചേര്‍ന്ന് നോക്കാന്‍ പോയപ്പോഴാണ് സവാദിന്റെ തുടക്ക് വെടിയേറ്റത്.
പിന്നീട് മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ നായാട്ട് സംഘം പന്നിയെ പിടിക്കാന്‍ കെണി വെച്ച തോക്കില്‍ നിന്നാണ് സവാദിന് വെടിയേറ്റതെന്ന് കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്ത് നിന്ന് തോക്കുകളും ഇതിന്റെ സാമഗ്രികളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കുന്നിന്റെ മുകളില്‍ നിന്ന് ഇടക്കിടെ വെടിയൊച്ച കേട്ട് തുടങ്ങിയതോടെ പരിസരവാസികള്‍ ഭയന്നാണ് കഴിയുന്നത്. നായാട്ട് സംഘം പന്നിയെ പിടിക്കാന്‍ വേണ്ടി കെണിയൊരുക്കിയ തോക്കില്‍ പന്നിയോ മറ്റു മൃഗങ്ങളോ ചവിട്ടുമ്പോള്‍ തോക്കില്‍ നിറച്ച കുപ്പി ചില്ലുകള്‍ പൊട്ടുമ്പോഴാണ് ശബ്ദം കേള്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കുന്നിന്റെ സമീപത്ത് വീടുകള്‍ സ്ഥിതിചെയ്യുന്നുണ്ട്.
മുതിര്‍ന്നവരും കുട്ടികളുമടക്കം വിറകുകള്‍ ശേഖരിക്കാന്‍ കുന്നിന്‍ മുകളില്‍ പോകാറുണ്ട്. അബദ്ധത്തില്‍ ഒളിപ്പിച്ചു വെച്ച തോക്കില്‍ ചവിട്ടിയാല്‍ മരണം വരെ സംഭവിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നായാട്ടു സംഘത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സവാദിന് വെടിയേറ്റ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പൊലീസിലെ രഹസ്യവിഭാഗം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി അറിയുന്നു.