തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പോത്തിനെ ടെമ്പോയിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയി; പിന്നീട് ഇറച്ചിയുമായി വന്നപ്പോള്‍ തടഞ്ഞുനിര്‍ത്തി നാട്ടുകാര്‍
75,000 രൂപ വില മതിക്കുന്ന പോത്തിനെയാണ് കടത്തിക്കൊണ്ടു പോയത്;
ഹൊസങ്കടി: വീട്ടുമുറ്റത്ത് കെട്ടിയിട്ട 75,000 രൂപ വില മതിക്കുന്ന പോത്തിനെ യിലെത്തിയ സംഘം കടത്തിക്കൊണ്ടു പോയതായി പരാതി. പിന്നീട് ഇറച്ചിയുമായെത്തിയപ്പോള്‍ വാഹനം തടഞ്ഞു വെച്ച് അതിലുണ്ടായിരുന്ന മൂന്ന് പേരെ നാട്ടുകാര്‍ കയ്യോടെ പിടികൂടി മഞ്ചേശ്വരം പൊലീസിന് കൈമാറി. 165 കിലോ ഇറച്ചിയാണ് ടെമ്പോയില്‍ ഉണ്ടായിരുന്നത്.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കടമ്പാറില്‍ വച്ച് നാട്ടുകാരനായ ഒരാളാണ് ടെമ്പോയില്‍ പോത്തിനെ കണ്ടത്. വാഹനത്തില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. വാഹനവും പോത്തും ഒരാള്‍ ശ്രദ്ധിക്കുന്നത് കണ്ട് ടെമ്പോയുമായി സംഘം രക്ഷപ്പെട്ടു. പിന്നാലെ സംഘത്തെ കണ്ടയാള്‍ സമീപത്തെ പോത്ത് കച്ചവടക്കാരനെ വീട്ടില്‍ പോയി വിളിച്ചുണര്‍ത്തി പോത്തിനെ കണ്ട വിവരം അറിയിച്ചു.
ഉടന്‍ തന്നെ തൊഴുത്തിലെത്തി നോക്കിയ കച്ചവടക്കാരന്‍ തന്റെ പോത്ത് അവിടെ ഇല്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഉടമ വീട്ടിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോള്‍ ടെമ്പോയില്‍ പോത്തിനെ കടത്തിക്കൊണ്ടു പോകുന്ന ദൃശ്യം കാണുകയും ചെയ്തു. 6 മണിയോടെ സി.സി.ടി.വിയില്‍ പതിഞ്ഞ ടെമ്പോ മടങ്ങി വരുമ്പോള്‍ നാട്ടുകാര്‍ തടഞ്ഞു വെച്ച് പരിശോധിക്കുകയായിരുന്നു.
ടെമ്പോയില്‍ 165 കിലോ ഇറച്ചി കാണുകയും ഇതിനെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ വോര്‍ക്കാടിയിലെ അറവ് ശാലയില്‍ നിന്ന് വാങ്ങിച്ചു കൊണ്ടുവന്ന ഇറച്ചിയാണെന്നും കടയിലേക്ക് കൊണ്ടു പോകുകയാണെന്നുമായിരുന്നു സംഘത്തിന്റെ മറുപടി. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി സംഘത്തെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയുമായിരുന്നു. പൊലീസ് മുന്നുപേരെയും ചോദ്യം ചെയ്തു വരികയാണ്.