ഫാക്ടറിയില്‍ നിന്നുള്ള മലിനജലം ഒഴുക്കിവിട്ടു; 50000 രൂപ പിഴ ചുമത്തി
വോര്‍ക്കാടി: കെദുമ്പാടിയില്‍ കശുവണ്ടി തൊലിയില്‍ നിന്ന് എണ്ണ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ നിന്ന് മലിനജലം ഒഴുക്കി വിട്ട് വീടുകളിലെ കിണര്‍ വെള്ളവും പരിസരവും മലിനമാക്കിയതില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടി. ഫാക്ടറി ഉടമസ്ഥനായ മഞ്ചേശ്വരം സ്വദേശിക്ക് 50,000 രൂപ പിഴ ചുമത്തി.
പ്രദേശത്തെ ചില വീടുകളിലെ കിണറുകളിലെ വെള്ളത്തില്‍ നിറ വ്യത്യാസമുണ്ടെന്നും സമീപത്തുള്ള അരുവിയിലൂടെ കറുത്ത നിറത്തിലുള്ള മലിനജലം ഒഴുകുന്നുവെന്നുമുള്ള വിവരത്തെ തുടര്‍ന്നാണ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധന നടത്തിയത്.
ഒരു വര്‍ഷത്തോളമായി സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നുണ്ടെങ്കിലും സ്ഥാപനത്തിലെ മലിനജല സംസ്‌കരണത്തിനുള്ള പ്ലാന്റ് ആവശ്യമായ മോട്ടോറുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തന ക്ഷമമാക്കിയിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. പ്ലാന്റില്‍ നിന്നുള്ള മലിനജലം ഫാക്ടറി പരിസരത്തു തന്നെ സംസ്‌കരിക്കുന്നതിനും ആവശ്യമെങ്കില്‍ ജില്ലാ ഭരണകൂടം മുഖേന സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡുമായി ബന്ധപ്പെട്ട് തുടര്‍നടപടി സ്വീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ.വി മുഹമ്മദ് മദനി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അജിത്ത് എച്ച്, അസിസ്റ്റന്റ് സെക്രട്ടറി ഐത്തപ്പ നായിക്ക്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജാസ്മിന്‍ കെ, ക്ലാര്‍ക്ക് ഹരിത ആര്‍, സ്‌ക്വാഡ് അംഗം ടി.സി ഷൈലേഷ് എന്നിവര്‍ പങ്കെടുത്തു.