കൊലപാതകവും വെടിവെപ്പുമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് സ്വദേശി എം.ഡി.എം.എയുമായി മംഗളൂരുവില്‍ പിടിയില്‍

Update: 2025-03-18 03:55 GMT

മംഗളൂരു: കൊലപാതകവും വെടിവെപ്പുമടക്കം നിരവധി കേസുകളില്‍ പ്രതിയായ കാസര്‍കോട് സ്വദേശി എം.ഡി.എം.എ യുമായി മംഗളൂരുവില്‍ പൊലീസ് പിടിയിലായി. കാസര്‍കോട് കുമ്പള മൊഗ്രാലിലെ അബ്ദുള്‍ അസീറിനെ(32)യാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം അസീര്‍ ഒമ്പത് വര്‍ഷമായി ഒളിവിലായിരുന്നു. മംഗളൂരുവിലെ കുപ്രസിദ്ധ ഗുണ്ടാതലവന്‍ കാളി യോഗീഷിന്റെ കൂട്ടാളിയാണ് അസീര്‍ എന്ന് പൊലീസ് പറഞ്ഞു. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന 53 ഗ്രാം എം.ഡി.എം.എയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. അസീര്‍ എം.ഡി.എം.എ കാസര്‍കോട് നിന്ന് മംഗളൂരുവിലെ നന്തൂര്‍ പ്രദേശത്ത് കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നതിനിടെയാണ് സിറ്റി ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.

കുമ്പളയിലെ ഷഫീഖ് വധം, ഒരു പോക്സോ കേസ്, കവര്‍ച്ച, കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലെ വാഹനങ്ങള്‍ കത്തിച്ച സംഭവം, പുത്തൂരിലെ രാജധാനി ജ്വല്ലറിയില്‍ നടന്ന വെടിവെപ്പ് കേസ് തുടങ്ങി നിരവധി കേസുകള്‍ അസീറിനെതിരെ നിലവില്‍ ഉള്ളതായും പൊലീസ് പറഞ്ഞു.

രാജധാനി ജ്വല്ലറിയില്‍ നടന്ന വെടിവെപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം അസീര്‍ മുങ്ങി നടക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അസീറിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാളിന്റെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍മാരായ സിദ്ധാര്‍ത്ഥ് ഗോയല്‍, കെ രവിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി മനോജ് കുമാര്‍ നായിക്, പൊലീസ് ഇന്‍സ്പെക്ടര്‍മാരായ കെ.എം റഫീഖ്, പി.എസ്.ഐമാരായ ശരണപ്പ ഭണ്ഡാരി, എം.വി സുദീപ്, നരേന്ദ്ര, എ.എസ്.ഐ മാരായ കെ.വി മോഹന്‍, റാം പൂജാരി, ഷീനപ്പ, സുജന്‍ ഷെട്ടി, മറ്റ് സിസിബി ഉദ്യോഗസ്ഥര്‍ എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Similar News