വീടുകളില്‍ നിന്നും ചട്ടികളും, പാത്രങ്ങളും മോഷണം നടത്തുന്നത് പതിവാക്കിയ ആളെ കയ്യോടെ പിടികൂടി നാട്ടുകാര്‍
പിടിയിലായത് ഏണിയാര്‍പ്പ്, കുമാരമംഗലം ഭാഗങ്ങളില്‍ സ്ഥിരമായി മോഷണം നടത്തിവരികയായിരുന്ന രാജേഷ്;
നീര്‍ച്ചാല്‍: വീടുകളില്‍ മോഷണം പതിവാക്കിയ ആളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഏണിയാര്‍പ്പ്, കുമാരമംഗലം ഭാഗങ്ങളില്‍ സ്ഥിരമായി മോഷണം നടത്തിവരികയായിരുന്ന രാജേഷ്(48)എന്നയാളെയാണ് നാട്ടുകാര്‍ പിടികൂടി ബദിയടുക്ക പൊലീസില്‍ ഏല്‍പ്പിച്ചത്. ഏണിയാര്‍പ്പ്, കുമാരമംഗലം ഭാഗങ്ങളിലെ വീടുകളില്‍ നിന്ന് ചട്ടി, ചവിട്ടി, പാത്രങ്ങള്‍ എന്നിവ മോഷണം പോകുന്നത് പതിവായിരുന്നു. ഇതോടെ നാട്ടുകാര്‍ സംഘടിച്ച് മോഷ്ടാവിനെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3 മണിയോടെ തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീടിന്റെ പരിസരത്തുകൂടി ഒരാള്‍ നടന്നുപോകുന്നത് കണ്ട സ്ത്രീ വിവരം അയല്‍വാസികളെ അറിയിക്കുകയായിരുന്നു. അയല്‍വാസികളെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പിറ്റേദിവസം ഇതേ വീട്ടിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മോഷണത്തിന് പിന്നില്‍ രാജേഷാണെന്ന് വ്യക്തമായത്. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ ശക്തമാക്കിയതോടെ തിങ്കളാഴ്ച രാത്രി 12 മണിക്ക് രാജേഷിനെ കുമാരമംഗലത്തുള്ള കെട്ടിടവരാന്തയില്‍ കണ്ടെത്തി.
രാജേഷിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. രാജേഷ് നേരത്തെ ബദിയടുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത അടക്കമോഷണക്കേസില്‍ പ്രതിയാണ്. കര്‍ണ്ണാടകമദ്യം കടത്തുന്നതിനിടെ രാജേഷ് മുമ്പ് എക്സൈസിന്റെയും പിടിയിലായിരുന്നു.