CHEATING | ഓണ്‍ലൈന്‍ ഇടപാടിലൂടെ വന്‍തുക വാഗ് ദാനം ചെയ്ത് ഉദുമ സ്വദേശിയില്‍ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
ഉദുമ: ഓണ്‍ലൈന്‍ ഇടപാടിലൂടെ വന്‍തുക വാഗ്ദാനം ചെയ്ത് ഉദുമ സ്വദേശിയില്‍ നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കാസര്‍കോട് സൈബര്‍ സെല്ലില്‍ ആണ് പരാതി നല്‍കിയത്. ജില്ലാ സൈബര്‍ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
73 എ.എസ്.കെ എലൈറ്റ് വെല്‍ത്ത് ട്രേഡേഴ്സ് എന്ന ട്രേഡിങ്ങ് കമ്പനിയുടെ പേരിലാണ് ലാഭം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തത്. നിങ്ങള്‍ക്ക് ട്രേഡിങ്ങ് പഠിക്കണോ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഉദുമ സ്വദേശിയെ 170 അംഗങ്ങളുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് ചേര്‍ക്കുകയായിരുന്നു.
ഈ ഗ്രൂപ്പ് വഴി പതിവായി ട്രേഡിങ്ങ് സംബന്ധിച്ച വിവരങ്ങളും മറ്റ് കുറിപ്പുകളും അയച്ചിരുന്നു. പിന്നീട് അഡ് മിന്‍മാരിലൊരാള്‍ കുറച്ച് അംഗങ്ങളുള്ള ചെറിയ വാട് സ് ആപ്പ് ഗ്രൂപ്പിന് രൂപം നല്‍കി. ഇതിലൂടെയാണ് തട്ടിപ്പ് നടത്തിയത്. ഗ്രൂപ്പ് അഡ് മിന്‍ അസ്‌ക് ഇയടോപ്പ് എന്ന ആപ്പിന്റെ ലിങ്കും നല്‍കിയിരുന്നു. ഇതിലേക്ക് പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ട് വഴി ഗ്രൂപ്പ് അഡ് മിന്‍ നിര്‍ദ്ദേശിച്ച വിവിധ അക്കൗണ്ടുകളിലേക്കാണ് പണം അയച്ചുകൊടുത്തത്.
വന്‍തുക വിലയുള്ള ഓഹരികള്‍ വാങ്ങാന്‍ അഡ് മിന്‍ നിര്‍ബന്ധം പിടിച്ചതോടെ സംശയം തോന്നിയ ഉദുമ സ്വദേശി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. പരാതിക്കാരന്റെ പേരില്‍ ഓഹരികളെടുക്കാനുള്ള ഡി മാറ്റ് അക്കൗണ്ട് ഇതുവരെ ആരംഭിച്ചിട്ടില്ല. നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍ ആറുമാസം കഴിയുമെന്നും അറിയിച്ചിരുന്നു.