ARRESTED | 'കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാന്‍ വീട്ടിലെത്തിയ എക്സൈസ് സംഘത്തെ കുത്തിപ്പരിക്കേല്‍പ്പിച്ചു'; ഒടുവില്‍ മല്‍പ്പിടുത്തത്തിലൂടെ കീഴ് പ്പെടുത്തി
കുമ്പള: കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാന്‍ വീട്ടിലെത്തിയ ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചതായി എക്സൈസ്. പിന്നീട് പ്രതിയെ അരമണിക്കൂറോളം നീണ്ട മല്‍പ്പിടുത്തത്തിലൂടെ പിടികൂടിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുമ്പള ദേവിനഗര്‍ സ്വദേശിയും ഇപ്പോള്‍ കൊടിയമ്മയില്‍ താമസക്കാരനുമായ അബ്ദുല്‍ ബാഷിത്തി(37)നെയാണ് അറസ്റ്റ് ചെയ്തത്.
11 മാസം മുമ്പ് കര്‍ണ്ണാടകയില്‍ നിന്ന് ടെമ്പോയില്‍ കടത്തിക്കൊണ്ടു വന്ന 107 കിലോ കഞ്ചാവ് കാസര്‍കോട് എക്സൈസ് സംഘം പെര്‍ളയില്‍ വെച്ച് പിടികൂടിയിരുന്നു. അന്ന് ടെമ്പോയിലുണ്ടായിരുന്ന സാഹിറിനെ പിടികൂടിയിരുന്നു. കൂടുതല്‍ ചോദ്യചെയ്തപ്പോള്‍ ബാഷിത്തിനും മറ്റൊരാള്‍ക്കും വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് എക് സൈസിനോട് വെളിപ്പെടുത്തിയിരുന്നു.
ഇത്രയും കാലം ഒളിവില്‍ കഴിയുകയായിരുന്ന ബാഷിത്തിന് വേണ്ടി എക്സൈസ് സംഘം ബംഗളൂരുവിലും കര്‍ണ്ണാടകയുടെ വിവിധ സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
തിങ്കളാഴ്ച വീട്ടിലെത്തിയ വിവരം കിട്ടിയതനുസരിച്ച് കാസര്‍കോട് എക് സൈസ് ഇന്‍സ്പെക്ടര്‍ പ്രശോഭിന്റെ നേതൃത്വത്തിലുള്ള സംഘം ഉച്ചക്ക് 11 മണിയോടെ വീട്ടില്‍ കയറി പരിശോധിക്കുന്നതിനിടെ അവിടെ വീണ് കിടന്നിരുന്ന കമ്പിയെടുത്ത് എക്സൈസ് സംഘത്തെ ആക്രമിക്കുകയായിരുന്നു.
സംഭവത്തില്‍ ഉദ്യോഗസ്ഥരായ പ്രജിത്ത്, രാജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് സര്‍ക്കാര്‍ ആസ് പത്രിയില്‍ പ്രവേശിപ്പിച്ചു. 107 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന മുഖ്യ പ്രതിക്ക് വേണ്ടി എക്സൈസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.