മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് വൈകിട്ട് 3.20 നായിരുന്നു അന്ത്യം;

Update: 2025-07-21 11:03 GMT

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകിട്ട് 3.20 നായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ബുധനാഴ്ച.

ഭാര്യ: വസുമതി (ആലപ്പുഴ മെഡിക്കല്‍ കോളജിലെ റിട്ടയേഡ് ഹെഡ് നഴ്സ്), മക്കള്‍: ഡോ. വി.വി. ആശ, ഡോ. വി.എ. അരുണ്‍കുമാര്‍.

ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ 23 ന് നില ഗുരുതരമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2006 മുതല്‍ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2016ല്‍ ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായി. 1940 മുതല്‍ ഇടതുപ്രസ്ഥാനത്തിന്റെ സഹയാത്രികനാണ്. ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സിപിഐ ദേശീയ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1923 ഒക്ടോബര്‍ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി വി എസ് അച്യുതാനന്ദന്‍ ജനിച്ചത്. നാലാം വയസില്‍ അമ്മയും 11 വയസായപ്പോള്‍ അച്ഛനും മരിച്ചു. അനാഥത്വവും ദാരിദ്യവും കാരണം മുന്നോട്ടുള്ള ജീവിതത്തില്‍ ഏറെ വെല്ലുവിളി നേരിട്ടെങ്കിലും പഠിക്കണമെന്ന മോഹം വി എസ് ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടില്‍ സവര്‍ണ കുട്ടികള്‍ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോള്‍ വി എസ് ബെല്‍റ്റൂരി അടിച്ചോടിച്ചു. അന്നേ വിഎസ് അച്യുതാനന്ദന്‍ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസില്‍ പഠിപ്പവസാനിപ്പിച്ചു.

ചേട്ടന്റെ തയ്യല്‍ക്കടയിലെ ചെറിയ ജോലി കൊണ്ട് വീട്ടിലെ വിശപ്പടക്കാന്‍ കഴിയാതായി. പതിനഞ്ചാം വയസില്‍ ആസ്പിന്‍വാള്‍ കമ്പനിയില്‍ ജോലിക്ക് കയറി. കുറഞ്ഞ കൂലിക്ക് പകലന്തിയോളം പണിയെടുക്കേണ്ടി വന്നുമോശമായ തൊഴില്‍ സാഹചര്യങ്ങള്‍ അവിടെയും അവന്‍ കലഹിച്ചു.

മറ്റെന്തും സഹിക്കാം കൂലി കൂട്ടി ചോദിക്കാന്‍ അവന്‍ തൊഴിലാളികളോട് നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ഒരു വര്‍ഷത്തിനിടെ ആ പതിനാറുകാരന്‍ തൊഴിലാളികളുടെ കണ്ണിലുണ്ണിയും മുതലാളിമാരുടെ കണ്ണിലെ കരടുമായി. പതിനേഴാം വയസില്‍ വി എസിന് പാര്‍ട്ടി അംഗത്വം കിട്ടി. 1943ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ ആ ചെറുപ്പക്കാരന്‍ പ്രതിനിധിയായി. അച്യുതാനന്ദനെന്ന യുവനേതാവ് അവിടെ ഉദിച്ചുയരുകയായിരുന്നു.

Similar News