മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം;

Update: 2025-09-06 10:41 GMT

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. രണ്ട് മെഡിക്കല്‍ കോളേജുകളുടേയും സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥി പ്രവേശനം സുഗമമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കുകയും ചെയ്തു.

മെഡിക്കല്‍ കോളേജിന് അനുമതി ലഭിച്ചത് രണ്ട് ജില്ലകളേയും സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ രണ്ട് മെഡിക്കല്‍ കോളേജുകളും സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥി പ്രവേശനത്തിനായുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും സമയബന്ധിതമായി എംബിബിഎസ് അഡ്മിഷന്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ യോഗങ്ങളിലാണ് മന്ത്രി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കും നേരത്തെ തസ്തിക സൃഷ്ടിച്ചിരുന്നു. ഇവിടങ്ങളില്‍ പി.എസ്.സി. വഴിയുള്ള നിയമനം ഉറപ്പാക്കും. രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കും അധികമായി ആവശ്യമുള്ള തസ്തികകള്‍ സംബന്ധിച്ച് നേരത്തെ തന്നെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു. ഓണത്തിന്റെ തിരക്കാണെങ്കിലും അഡ്മിഷന്‍ തീയതി അടുത്ത സാഹചര്യത്തില്‍ സമയബന്ധിതമായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ മന്ത്രി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി.

വയനാട് മെഡിക്കല്‍ കോളേജിനായി കണ്ടെത്തിയ ഭൂമിയില്‍ അനുമതി കിട്ടിയാലുടന്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് കിഫ്ബി വഴി അക്കാഡമിക്, അഡ്മിനിസ്ട്രേഷന്‍, ഹോസ്റ്റല്‍ ബ്ലോക്കുകള്‍ നിര്‍മ്മിക്കാനുള്ള നടപടി സ്വീകരിക്കും. കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം കിഫ്ബിയിലൂടേയും കാസര്‍കോട് ഡെവലപ്മെന്റ് പാക്കേജിലൂടേയും സാധ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

Similar News