സര്‍ക്കാര്‍ ഓഫിസുകളിലെ കത്തിടപാടുകളില്‍ ബഹുമാന സൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്ന് രേഖപ്പെടുത്തണം; സര്‍ക്കുലര്‍ പുറത്തിറക്കി
ഔദ്യോഗിക യോഗങ്ങളില്‍ ഇത്തരം വിശേഷണങ്ങള്‍ ഉപയോഗിക്കാറുണ്ട്;
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളിലെ കത്തിടപാടുകളില്‍ ബഹുമാന സൂചകമായി ഇനി മുതല്‍ ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണം. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി. പൊതുജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കുന്ന നിവേദനങ്ങളിലും പരാതികളിലും മറുപടി നല്‍കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.
സര്‍ക്കുലറില്‍ പറയുന്നത്:
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നല്‍കുന്ന നിവേദനങ്ങളും പരാതികളും ബന്ധപ്പെട്ട ഓഫിസുകളില്‍ പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കാറുണ്ട്. അതിനുശേഷം നിവേദകര്‍ക്ക് നല്‍കുന്ന മറുപടി കത്തില്‍ ബഹുമാന സൂചകമായി ബഹു.മുഖ്യമന്ത്രി, ബഹു.മന്ത്രി എന്നു രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം. ഔദ്യോഗിക യോഗങ്ങളില്‍ ഇത്തരം വിശേഷണങ്ങള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചില കത്തിടപാടുകളില്‍ ഇങ്ങനെ സൂചിപ്പിക്കാറില്ലായിരുന്നു. ഇതേ തുടര്‍ന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.