പുതിയ കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎല്‍എ സ്ഥാനമേറ്റു
സിപിഎമ്മിനെതിരെ പടക്കുതിരയായി താന്‍ മുന്നിലുണ്ടാകുമെന്ന് കെ.സുധാകരന്‍;
തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎല്‍എ സ്ഥാനമേറ്റു.തിങ്കളാഴ്ച രാവിലെ 9.30ന് കെപിസിസി ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങിലാണ് സ്ഥാനാരോഹണം നടന്നത്.
കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി.വിഷ്ണുനാഥ് എംഎല്‍എ, എ.പി.അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശ് എംപിയും ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്തെ ചടങ്ങ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി ഉദ് ഘാടനം ചെയ്തു.
ചുമതല ഏറ്റെടുക്കുന്നതിന് മുമ്പായി അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, പി സി വിഷ്ണുനാഥ് എംഎല്‍എ, എ പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവര്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തൃശ്ശൂരില്‍ ലീഡര്‍ കെ കരുണാകരന്റെ സ്മൃതിമണ്ഡപത്തിലും കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലും കൊല്ലത്ത് ആര്‍. ശങ്കറിന്റെ സ്മൃതി മണ്ഡപങ്ങളും നേതാക്കള്‍ സന്ദര്‍ശിച്ചു പുഷ്പാര്‍ച്ചന നടത്തി.
എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെയും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് തോമസ് തറയിലിനെയും നേതാക്കള്‍ സന്ദര്‍ശിച്ചു. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുമ്പായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിയെയും നിയുക്ത ഭാരവാഹികള്‍ സന്ദര്‍ശിച്ചു.
പാര്‍ട്ടിയെ ജനകീയമാക്കാനും യുഡിഎഫിന്റെ അടിത്തറ ശക്തമാക്കാനും കഴിഞ്ഞതായി സ്ഥാനമൊഴിയുന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. സിപിഎമ്മിനെതിരെ പടകുതിരയായി താന്‍ മുന്നിലുണ്ടാകുമെന്ന് പറഞ്ഞ സുധാകരന്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ കഴിഞ്ഞുവെന്നും അറിയിച്ചു.
പാര്‍ട്ടിയില്‍ ഇപ്പോള്‍ ഗ്രൂപ്പ് കലാപങ്ങളില്ല. പ്രവര്‍ത്തകരുടെ ഐക്യമാണ് അതിനു കാരണം. യൂണിറ്റ് കമ്മിറ്റികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ദുഃഖമാണെന്നും പുതിയ ഭാരവാഹികള്‍ക്ക് അതിനു കഴിയണമെന്നും സുധാകരന്‍ അഭ്യര്‍ഥിച്ചു. നേതൃത്വത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സ്‌നേഹത്തിന് സുധാകരന്‍ നന്ദി അറിയിച്ചു.
കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എഐസിസി സെക്രട്ടറിമാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.