മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നു
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നടതുറന്നത്;
പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നടതുറന്നത്. തുടര്‍ന്ന് ക്ഷേത്രത്തിലെ നെയ് വിളക്കില്‍ നിന്നുള്ള ദീപവുമായി മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി പതിനെട്ടാം പടി ഇറങ്ങി ആഴിയിലേക്ക് അഗ്നി പകര്‍ന്നു. ആഴി, മണ്ഡല മകരവിളക്ക് ഉത്സവം അവസാനിക്കുന്നത് വരെ കെടാതെ നില്‍ക്കും.
നിയുക്ത ശബരിമല മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരി എന്നിവര്‍ അരുണ്‍കുമാര്‍ നമ്പൂതിരിയുടെ കൈ പിടിച്ച് പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാര്‍ ശബരിമല, മാളികപ്പുറം നടകള്‍ തുറക്കുന്നതോടെയാണ് തീര്‍ത്ഥാടനത്തിന് തുടക്കമാകുന്നത്. ദര്‍ശന സമയം എല്ലാ ദിവസവം പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും വൈകിട്ട് മൂന്ന് മുതല്‍ രാത്രി 11 വരെയുമാണ്.
ദര്‍ശനം നടത്തുന്നതിന് ഓണ്‍ലൈന്‍ ബുക്കിങ് ചെയ്യണം. www.sabarimalaonline.org എന്ന വെബ് സൈറ്റിലാണ് ബുക്ക് ചെയ്യേണ്ടത്. പ്രതിദിനം 70,000 പേര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് നടത്താന്‍ സാധിക്കും. സ്‌പോട്ട് ബുക്കിങ് സൗകര്യങ്ങളും നിലവിലുണ്ട്. പമ്പ, നിലയ്ക്കല്‍, എരുമേലി, വണ്ടിപ്പെരിയാര്‍ സത്രം ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് സ്‌പോട്ട് ബുക്കിങ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 22 ലക്ഷത്തിലധികം ബുക്കിംഗുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡിസംബര്‍ 26 നാണ് അങ്കി ചാര്‍ത്തിയുള്ള ദീപാരാധന. മണ്ഡലപൂജ 27 നാണ്. 27 ന് രാത്രി നടയടക്കുന്നതോടെ മണ്ഡലകാലം പൂര്‍ത്തിയാകും. തുടര്‍ന്ന് ഡസംബര്‍ 30 ന് വൈകിട്ടാണ് മകരവിളക്ക് ഉത്സവത്തിന് നടതുറക്കുന്നത്. ജനുവരി 14 ന് മകരവിളക്ക്. ജനുവരി 19 വരെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം നടത്താം. ജനുവരി 20 ന് രാവിലെ നടയടയ്ക്കും.