കണ്ണില്‍ അസഹ്യമായ ചൊറിച്ചിലും വേദനയും; പരിശോധിച്ചപ്പോള്‍ കണ്ടത് ജീവനോടെയുള്ള വിരയെ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിരയെ ആണ് പുറത്തെടുത്തത്;
കോഴിക്കോട്: കണ്ണില്‍ അസഹ്യമായ ചൊറിച്ചിലും വേദനയും അനുഭവപ്പെട്ട യുവതിയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കണ്ടത് ജീവനോടെയുള്ള വിരയെ. കോഴിക്കോട് കോംട്രസ്റ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണാശുപത്രിയിലെ ഒ.പി പരിശോധനയ്ക്കിടെയാണ് കണ്ണില്‍ നിന്നും ജീവനോടെയുള്ള വിരയെ കണ്ടെത്തുന്നത്. ഒടുവില്‍ അതിനെ ജീവനോടെ പുറത്തെടുത്തു. 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിരയെ ആണ് പുറത്തെടുത്തത്. വെസ്റ്റ് ഹില്‍ സ്വദേശിനിയായ 43 കാരിയുടെ കണ്ണിന് 2 ദിവസം മുമ്പാണ് അസ്വസ്ഥത തുടങ്ങിയത്.
തുടര്‍ന്നാണ് ആസ്പത്രിയിലെത്തിയത്. ആദ്യം ചെന്ന ആസ്പത്രിയില്‍ നിന്നും ചികിത്സ നടത്തി വീട്ടിലേക്ക് മടങ്ങിയെങ്കിലും, വീണ്ടും അസ്വസ്ഥത തുടങ്ങി. സഹിക്കാതെ വന്നപ്പോഴാണ് കോംട്രസ്റ്റ് ആശുപത്രിയില്‍ എത്തിയത്. സീനിയര്‍ സര്‍ജന്‍ ഡോ. സുഗന്ധ സിന്‍ഹ കണ്ണ് പരിശോധിച്ച് ഒ.പി യില്‍ വെച്ച് തന്നെ കണ്ണിലെ വെള്ളപ്പാടയുടെ അടിവശത്ത് ഉണ്ടായിരുന്ന വിരയെ ചെറിയ ശസ്ത്രക്രിയ മാര്‍ഗ്ഗത്തിലൂടെ ജീവനോടെ പുറത്തെടുത്തു. ഇതോടെയാണ് രോഗി അനുഭവിച്ചിരുന്ന അസ്വസ്ഥ മാറിയത്.
ഡൈലോ ഫൈലോറിയ വിഭാഗത്തിലുള്ള കീടങ്ങള്‍ ശരീരത്തില്‍ പ്രവേശിച്ചാണ് ഇത്തരം വിരകള്‍ കണ്ണില്‍ വളരുന്നത്. കൊതുകുകളിലൂടെയോ, വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നതിലൂടെയോ ആകാം ഇവ ശരീരത്തില്‍ പ്രവേശിക്കുന്നത്. കണ്ണിന്റെ റെറ്റിനയിലേക്ക് പ്രവേശിക്കാതെ കൃത്യസമയത്ത് പുറത്തെടുത്തതിനാല്‍ അപകട സാധ്യത ഇല്ലാതായെന്നും, രോഗിയുടെ കാഴ്ചയ്ക്ക് യാതൊരു തകരാറുമില്ലെന്നും ഡോക്ടര്‍ സുഗന്ധ സിന്‍ഹ പറഞ്ഞു.