തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം; പ്രതി അസം സ്വദേശി അമിത് ഒറാങ് പിടിയില്‍

തൃശ്ശൂര്‍ മാളയിലെ കോഴിഫാമില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം;

Update: 2025-04-23 05:11 GMT

കോട്ടയം: തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് ഒറാങ് പിടിയില്‍. തൃശ്ശൂര്‍ മാളയിലെ കോഴിഫാമില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം. കോഴിഫാമില്‍ ഇതര തൊഴിലാളികള്‍ക്കൊപ്പമായിരുന്നു ഇയാളെ പൊലീസ് കണ്ടെത്തിയത്.

മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ഇയാളുടെ കൈവശം 10 ഓളം മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ മാറ്റിയായിരുന്നു ഉപയോഗിച്ചിരുന്നത്.

കൊലയ്ക്കുശേഷം വിജയകുമാറിന്റേയും ഭാര്യയുടേയും ഫോണുകള്‍ ഇയാള്‍ മോഷ്ടിച്ചിരുന്നു. ഇതില്‍ ഒരു ഫോണ്‍ ഓണായിരുന്നു. ഇതിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. അതുകൊണ്ടുതന്നെ കൊലനടന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രതി വലയിലാകുകയും ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.

തിരുവാതുക്കല്‍ സ്വദേശികളായ വിജയകുമാര്‍(64), മീര(60) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന്റേയും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ പ്രമുഖ വ്യവസായിയാണ് മരിച്ച വിജയകുമാര്‍.

മകന്‍ അസ്വാഭാവിക രീതിയില്‍ മരിച്ച വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന വിജയകുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ച് രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹവും ഭാര്യയും കൊല്ലപ്പെട്ടത്. 8 വര്‍ഷം മുമ്പ് മകന്‍ കൊല്ലപ്പെട്ട വിഷയത്തില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തരവിട്ട് 2 മാസങ്ങള്‍ക്കുള്ളില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

2017 ജൂണ്‍ മാസത്തിലാണ് വിജയകുമാറിന്റെ മകന്‍ ഗൗതം കൃഷ്ണകുമാറിനെ തെള്ളകം കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് 28 വയസായിരുന്നു ഗൗതമിന്റെ പ്രായം. കാരിത്താസ് റെയില്‍വേ ഗേറ്റിന് സമീപമാണ് ഗൗതമിന്റെ മൃതദേഹം കണ്ടത്. ഗൗതമിന്റെ കാര്‍ കാരിത്താസ് ജംക്ഷനും അമ്മഞ്ചേരിക്കും ഇടയിലുള്ള റോഡില്‍ പാര്‍ക്ക് ചെയ്ത നിലയിലും കണ്ടെത്തിയിരുന്നു.

ഗൗതമിന്റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവും കാറില്‍ രക്തപ്പാടുകളും ഉണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍ കാറില്‍ ഉണ്ടായിരുന്നതിനാല്‍ മോഷണത്തിന് വേണ്ടിയുള്ള കൊലപാതകം ആകാനുള്ള സാധ്യത പൊലീസ് തള്ളിക്കളഞ്ഞിരുന്നു. മരണം ആത്മഹത്യയെന്ന് എഴുതിത്തള്ളുന്നതിനെതിരെ വിജയകുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഗൗതമിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കോടതി കണ്ടെത്തുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ പിഴവുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു.

ഗായത്രി (യുഎസ്) ആണ് ദമ്പതികളുടെ മറ്റൊരു മകള്‍. ആറു മാസം മുന്‍പായിരുന്നു ഗായത്രിയുടെ വിവാഹം.

Similar News