കേരളത്തിന്റെ സ്വപ്‌ന പദ്ധതി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ചത്.;

Update: 2025-05-02 07:26 GMT

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷന്‍ ചെയ്തത്. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ നടന്നു കണ്ട ശേഷം 11 മണിയോടെയാണ് പ്രധാനമന്ത്രി ഉദ് ഘാടന വേദിയില്‍ എത്തിയത്.

മലയാളത്തിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. 'ഏവര്‍ക്കും എന്റെ നമസ്‌ക്കാരം. ഒരിക്കല്‍ കൂടി ശ്രീ അനന്ത പത്മനാഭന്റെ മണ്ണിലേക്ക് വരാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്,'എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തെ കയ്യടിയോടെയാണ് സദസ്യര്‍ പ്രോത്സാഹിപ്പിച്ചത്.

പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയര്‍ത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇനി രാജ്യത്തിന്റെ പണം രാജ്യത്തിനാണെന്നും പണം രാജ്യത്തിന് പുറത്തേക്ക് ഒഴുകില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, കേരളത്തിനും രാജ്യത്തിനും പുതിയ സാമ്പത്തിക സ്ഥിരത നല്‍കുമെന്നും വ്യക്തമാക്കി.

രാജ്യത്തിന്റെ തുറമുഖ നഗരങ്ങള്‍ വികസിത ഭാരത് സങ്കല്പത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിനൊപ്പം ചേര്‍ന്ന് വിഴിഞ്ഞം തുറമുഖ വികസനം കേന്ദ്ര സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. ഇന്നത്തെ പരിപാടി ഇന്ത്യ സഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തും. ഞാന്‍ വിഴിഞ്ഞം തുറമുഖം കണ്ടു. ഇത്ര വലിയ തുറമുഖം ഗൗതം അദാനി കേരളത്തില്‍ നിര്‍മിച്ചതിന് ഗുജറാത്തുകാര്‍ അദ്ദേഹത്തോട് പിണങ്ങുമെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു.

ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വിഎന്‍ വാസവന്‍, എംപിമാരായ ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ്, എംഎല്‍എ എം വിന്‍സന്റ്, മേയര്‍ ആര്യാ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

പഹല്‍ ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗം ആരംഭിച്ചത്. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കരുത്താകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം മിലേനിയത്തിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ് വിഴിഞ്ഞം കമ്മിഷനിങ്ങിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രം വായ്പയായി നല്‍കിയ വിജിഎഫ് ഫണ്ട് മാത്രമാണ് കേന്ദ്ര വിഹിതമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി മോദിയെ വേദിയിലിരുത്തി കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സംസാരിച്ചു. അധ്യക്ഷ പ്രസംഗത്തില്‍ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമെന്ന് പറഞ്ഞ അദ്ദേഹം, അങ്ങനെ അതും നമ്മള്‍ നേടി എന്ന് വ്യക്തമാക്കി. തന്റെ പ്രസംഗത്തില്‍ എവിടെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറിച്ച് പരാമര്‍ശിച്ചില്ല.

തുറമുഖത്തിന്റെ ശില്‍പി എന്നും കാലം കരുതിവച്ച കര്‍മ്മയോഗി എന്നും പുകഴ്ത്തിയാണ് മുഖ്യമന്ത്രിയെ മന്ത്രി വി. എന്‍. വാസവന്‍ സ്വാഗതം ചെയ്തത്. പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ച തുറമുഖ വകുപ്പ് മന്ത്രി ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടമാണ് വിഴിഞ്ഞം കമ്മീഷനിങ് എന്ന് പറഞ്ഞു.

രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗം തുറമുഖത്ത് എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്. ഇവിടെ വച്ച് വേദിയിലുണ്ടായിരുന്ന മന്ത്രിമാരെയും എംപിമാരെയും എംഎല്‍എമാരെയും കണ്ട അദ്ദേഹം, സദസിനെ അഭിവാദ്യം ചെയ്തു. ആര്‍പ്പുവിളിച്ചാണ് സദസിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു.

കമ്മിഷനിങ്ങിന് സാക്ഷിയാകാന്‍ ആയിരങ്ങളാണ് വിഴിഞ്ഞത്തേക്ക് എത്തിയത്. നഗരത്തില്‍ നിന്ന് വിഴിഞ്ഞത്തേക്ക് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ 9.30 മുതലാണ് പൊതുജനങ്ങളെ ചടങ്ങിലേക്ക് പ്രവേശിപ്പിച്ചത്. അടിയ്ക്കടി ഉണ്ടാകുന്ന വ്യാജ ബോംബ് ഭീഷണികളുടെ കൂടി പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് നഗരം.

Similar News