കേരളത്തില്‍ പല ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയും പ്രഖ്യാപിച്ചു;
തിരുവനന്തപുരം: കേരളത്തില്‍ പല ജില്ലകളിലും ചൂടിന്റെ കാഠിന്യം കൂടി വരുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മെയ് 8 ന് 5 ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പാലക്കാട് ജില്ലയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ താപനില 37°C വരെയും, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യതയും പ്രഖ്യാപിച്ചു. അടുത്ത 5 ദിവസത്തേക്ക് അലര്‍ട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.