സംസ്ഥാന സര്‍ക്കാറിന്റെ 4ാം വാര്‍ഷികാഘോഷം; ദേശീയപാത വികസനമടക്കമുള്ള നേട്ടങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിയുടെ ഉദ് ഘാടന പ്രസംഗം
കാസര്‍കോട് നിന്ന് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാമെന്ന് തീരുമാനിച്ചതിന് പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ടെന്ന് മുഖ്യമന്ത്രി;
കാഞ്ഞങ്ങാട്: പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന് കാലിക്കടവ് മൈതാനത്ത് ഉജ്ജ്വല തുടക്കം. സര്‍ക്കാരിന്റെ ഭരണതുടര്‍ച്ച ലക്ഷ്യമിട്ടുള്ള ആഘോഷ പരിപാടികള്‍ക്കാണ് തുടക്കമായത്. വാര്‍ഷികാഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ് ഘാടനം ചെയ്തു. ദേശീയപാത വികസനമടക്കമുള്ള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഉദ് ഘാടന പ്രസംഗം.
കാസര്‍കോട് നിന്ന് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാമെന്ന് തീരുമാനിച്ചതിന് പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി കാസര്‍കോടിന് ഒരുപാട് പ്രത്യേകതകളുണ്ടെന്നും വ്യക്തമാക്കി. ആദ്യ സര്‍ക്കാരിന് നേതൃത്വം നല്‍കിയ സഖാവ് ഇ.എം.എസ് തിരഞ്ഞെടുക്കപ്പെട്ടത് നീലേശ്വരം മണ്ഡലത്തില്‍ നിന്നാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകതയെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരമൊരു സര്‍ക്കാരിന് നേതൃത്വം കൊടുത്ത ഇ.എം.എസ് മത്സരിച്ച മണ്ണില്‍ തന്നെ ഈ പരിപാടിയുടെ ഉദ് ഘാടനം നിര്‍വഹിക്കാന്‍ കഴിയുന്നത് ഏറ്റവും അഭിമാനകരമായ കാര്യമാണെന്നും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.
2016ല്‍ തകര്‍ന്നടിഞ്ഞ് കിടന്നിരുന്ന ഒരു നാടിന്റെ ഭരണസാരഥ്യമാണ് ജനങ്ങള്‍ എല്‍.ഡി.എഫിനെ ഏല്‍പ്പിച്ചതെന്ന് പറഞ്ഞ മുഖ്യമന്ത്രി അത് ഈ നാടിനെ കാലോചിതമായി മാറ്റിതീര്‍ക്കണമെന്നും മറ്റു പ്രദേശങ്ങളില്‍ ലഭിക്കുന്ന വികസനം ഇവിടെയും വേണമെന്നും ആഗ്രഹിച്ചാണ് ജനങ്ങള്‍ ഭരണം നല്‍കിയത് എന്നും ചൂണ്ടിക്കാട്ടി.
ഇത്തരത്തിലുള്ള ഒരു ദൗത്യമാണ് എല്‍.ഡി.എഫ് സര്‍ക്കാരിനെ ജനങ്ങള്‍ ഏല്‍പ്പിച്ചത്. ആ ദൗത്യം നിറവേറ്റാന്‍ തുടങ്ങിയപ്പോള്‍ ഒരുപാട് പ്രതിസന്ധികളാണ് നേരിടേണ്ടിവന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സ്വാഗതം പറഞ്ഞു. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍ കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാര്‍, കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, ജെ. ചിഞ്ചു റാണി, ജി.ആര്‍. അനില്‍, എം.ബി. രാജേഷ്, വി. ശിവന്‍കുട്ടി, ഒ.ആര്‍. കേളു, വീണാ ജോര്‍ജ്, ആര്‍. ബിന്ദു, വി. അബ്ദുറഹ്‌മാന്‍, എം.എല്‍.എമാരായ എം. രാജഗോപാലന്‍, ഇ. ചന്ദ്രശേഖരന്‍, സി.എച്ച്. കുഞ്ഞമ്പു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണന്‍, ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
തുടര്‍ന്ന് പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി ജില്ലയിലെ പ്രമുഖരുമായി സംവദിച്ചു. ഏഴ് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മേളയുടെ ഭാഗമായി 73,923 സ്‌ക്വയര്‍ ഫീറ്റില്‍ വിപുലമായ പന്തലാണ് മൈതാനത്ത് ഒരുക്കിയിരിക്കുന്നത്.
ഏഴ് ദിവസങ്ങളിലായി വൈകിട്ട് 6 മുതല്‍ 10 വരെ വിവിധ കലാപരിപാടികളും അരങ്ങേറും. തിങ്കളാഴ്ച രാത്രി ആല്‍മരം മ്യൂസിക് ബാന്റ് സംഗീതനിശയോടെ പരിപാടികള്‍ക്ക് തുടക്കമാവും. അതേസമയം യു.ഡി.എഫ് ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ ഉദ് ഘാടന പരിപാടി ബഹിഷ്‌ക്കരിച്ചു.