ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിധി 23 ന്
ഹൊസ് ദുര്‍ഗ് അതിവേഗ കോടതിയാണ് വിധി പ്രഖ്യാപിക്കുന്നത്;
കാഞ്ഞങ്ങാട്: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സ്വര്‍ണകമ്മല്‍ കവര്‍ന്ന കേസില്‍ ഹൊസ് ദുര്‍ഗ് അതിവേഗ കോടതി ഈ മാസം 23ന് വിധി പറയും. കുടക് നാപോകിലെ പി എ സലീം(36) ഒന്നാംപ്രതിയും, സഹോദരി സുവൈബ(20) രണ്ടാം പ്രതിയുമാണ്.
2024 മെയ് 15ന് പുലര്‍ച്ചെ മൂന്നുമണിയോടെ ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പടന്നക്കാട്ട് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ സലീം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണകമ്മല്‍ തട്ടിയെടുത്ത ശേഷം വഴിയിലുപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തുവെന്നാണ് കേസ്. പിതാവ് വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് പശുവിനെ കറക്കാന്‍ പോയ സമയത്ത് അകത്തുകടന്ന സലീം ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് ഹൊസ് ദുര്‍ഗ് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും പ്രതി പിന്നീട് അറസ്റ്റിലാകുകയും ചെയ്തു. സലീം തട്ടിയെടുത്ത സ്വര്‍ണകമ്മല്‍ വില്‍ക്കാന്‍ സഹായിച്ചതിനാണ് സഹോദരി സുവൈബയെ പൊലീസ് പ്രതി ചേര്‍ത്തത്. കേസിന്റെ വിചാരണവേളയില്‍ 62 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.