നായാട്ടുസംഘത്തെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസ്‌: രക്ഷപ്പെട്ട പ്രധാന പ്രതി അറസ്റ്റില്‍

വോര്‍ക്കാടി പുരുഷകോടിയിലെ റാഷിഖിനെയാണ് അറസ്റ്റ് ചെയ്തത്;

Update: 2025-08-21 04:16 GMT

ഹൊസങ്കടി : നായാട്ടു സംഘത്തെ തട്ടിക്കൊണ്ടുപോയി 3 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ട പ്രധാന പ്രതി അറസ്റ്റില്‍. വോര്‍ക്കാടി പുരുഷകോടിയിലെ റാഷിഖി(32)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ. അനൂപ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാത്രി 11 മണിയോടെ വോര്‍ക്കാടി മജീര്‍പ്പള്ളത്ത് കുറ്റിക്കോലിലെ നിഥിനും മറ്റു രണ്ട് പേരും മൃഗങ്ങളെ വേട്ടയാടാന്‍ എത്തിയതായിരുന്നു. റാഷിഖും മറ്റു നാലുപേരും ചേര്‍ന്ന് നായാട്ടു സംഘത്തെ കാറില്‍ തട്ടിക്കൊണ്ടുപോയി നിങ്ങളെ തോക്കടക്കം പൊലീസില്‍ ഏല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പണം നല്‍കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ തോക്കും സ്‌കൂട്ടറും മൊബൈല്‍ ഫോണും തട്ടിയെടുത്ത് മജീര്‍പ്പള്ളത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് അര്‍ദ്ധരാത്രി നായാട്ടു സംഘത്തെ ഹൊസങ്കടിയിലേക്ക് കൊണ്ടുപോയി ഒരു ഗ്രൗണ്ടില്‍ വെച്ച് മര്‍ദ്ദിക്കുകയും ചെയ്തു.

സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മഞ്ചേശ്വരം പൊലീസ് പ്രതികളെ പിടികൂടുന്നതിനിടെ റാഷിഖ് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം റാഷിഖ് കടമ്പാറില്‍ കാറില്‍ സഞ്ചരിക്കുന്നതായുള്ള വിവരം കിട്ടിയതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കാറില്‍ രക്ഷപ്പെടുകയും പൊലീസ് ജീപ്പ് പിന്‍തുടരുന്നതിനിടെ റാഷിഖ് സഞ്ചരിച്ച കാര്‍ കര്‍ണ്ണാടകയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് ഓടി രക്ഷപ്പെട്ട റാഷിഖ് കര്‍ണ്ണാടകയിലെ ഒരു വനത്തിനകത്ത് ഒളിക്കുകയുമായിരുന്നു.

പിന്നീട് കര്‍ണ്ണാടക പൊലീസും മഞ്ചേശ്വരം പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് റാഷിഖിനെ പിടികൂടിയത്. ഇതേ കേസില്‍ നേരത്തെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.

Similar News