മഞ്ചേശ്വരത്ത് ഒരുങ്ങുന്നു രണ്ട് കളിക്കളങ്ങള്‍; നിര്‍മാണ പ്രവൃത്തി മന്ത്രി ഉദ്ഘാടനം ചെയ്തു
മഞ്ചേശ്വരം, എന്‍മകജെ എന്നിടങ്ങളിലാണ് സ്റ്റേഡിയങ്ങള്‍ ഒരുങ്ങുക;
മഞ്ചേശ്വരം: ജില്ലയുടെ കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്തുപകരാന്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ സ്റ്റേഡിയയവും മിനി സ്റ്റേഡിയവും ഒരുങ്ങുന്നു.കായിക വകുപ്പ് , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി കായികവകുപ്പ് വിഹിതവും എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടും ഉപയോഗിച്ച് മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടില്‍ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെയും കായികവകുപ്പിന്റെ തനത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണമാരംഭിക്കുന്ന എന്മകജെ ഗ്രാമപഞ്ചായത്തിലെ ബജകുടല്‍ മിനി സ്റ്റേഡിയത്തിന്റെയും പ്രവൃത്തി ഉദ്ഘാടനം കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിച്ചു.
നിരവധിയാളുകളെ ഉള്‍കൊള്ളാന്‍ പര്യാപ്തമായ ഗാലറി ഉള്‍പ്പെടെ സജ്ജികരിച്ച് ഒരു കോടി രൂപ ചെലവിലാണ് 53262 സ്‌ക്വയര്‍ ഫീറ്റില്‍ മഞ്ചേശ്വരത്ത് സ്റ്റേഡിയം നിര്‍മിക്കുന്നത്. ഫുട്ബോള്‍ മൈതാനിയുടെ അതേ വലുപ്പത്തില്‍ ആണ് കളിക്കളത്തിന്റെ നിര്‍മ്മാണം. ഇതിനു പുറമെ ഫുട്ബോള്‍ കോര്‍ട്ടും (90m×55m) ഫെന്‍സിങ്ങും സ്റ്റെപ് ഗാലറിയും ടോയ്ലറ്റ് ബ്ലോക്കും നിലവിലുള്ള കോമ്പൗണ്ട് വാളിന്റെ നവീകരണവും അനുബന്ധ ഇലക്ട്രിക് പ്രവര്‍ത്തികളും ഉള്‍പ്പെടുന്നു.
കായികവകുപ്പിന്റെ നേതൃത്വത്തില്‍ എന്മകജെ പഞ്ചായത്ത് പരിധിയിലെ ബജകുടലില്‍ നിര്‍മിക്കുന്ന 22079 സ്‌ക്വയര്‍ ഫീറ്റ് മിനി സ്റ്റേഡിയത്തില്‍ മഡ് ഫുട്ബോള്‍, വോളിബോള്‍ കോര്‍ട്ടുകള്‍, ഫെന്‍സിംഗ് കോമ്പൗണ്ട് വാളുകള്‍, ഡ്രയിന്‍, ഗേറ്റ്,സ്റ്റെപ്പ് ഗാലറി ആന്‍ഡ് സ്റ്റേജ്, ടോയ്ലറ്റ് കം ഓഫീസ് കെട്ടിടങ്ങള്‍, തുടങ്ങിയവ ഒരുക്കും. സെവന്‍സ് ഫുട്ബോള്‍ സ്റ്റാന്‍ഡേര്‍ഡ് വലുപ്പമാണ് മൈതാനിക്കുള്ളത്. ഒരുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണം ആറുമാസം കൊണ്ട് പൂര്‍ത്തികരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു. മീഞ്ച, വോര്‍ക്കടി ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ച കളിക്കളങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.