വയോധികനെ വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബന്ധു അറസ്റ്റില്‍
കരിന്തളം കുമ്പളപ്പള്ളി ചിറ്റമൂല ഉന്നതിയിലെ കുറ്റിയാട്ട് വീട്ടില്‍ കണ്ണന്റെ കൊലപാകത്തില്‍ ചിറ്റമൂലയിലെ കെ ശ്രീധരനെയാണ് അറസ്റ്റ് ചെയ്തത്;
കാഞ്ഞങ്ങാട് : വയോധികനെ വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരിന്തളം കുമ്പളപ്പള്ളി ചിറ്റമൂല ഉന്നതിയിലെ കുറ്റിയാട്ട് വീട്ടില്‍ കണ്ണന്‍(80) കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധുവും അയല്‍വാസിയുമായ ചിറ്റമൂലയിലെ കെ ശ്രീധരനെ(45)യാണ് കാഞ്ഞങ്ങാട് ഡി വൈ എസ് പി സി കെ സുനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവം. വീട്ടില്‍ മരവടിയുമായി അതിക്രമിച്ചുകടന്ന ശ്രീധരന്‍ കണ്ണന്റെ തലക്കടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തലയുടെ പിന്‍ഭാഗത്ത് അടിയേറ്റ് വീണ കണ്ണനെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അക്രമത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നീലേശ്വരം സബ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സുഗുണന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഷെഫീഖ്, ദിലീഷ് കുമാര്‍ പള്ളിക്കൈ എന്നിവര്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.
കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. പുത്തരിച്ചിയാണ് കണ്ണന്റെ ഭാര്യ. മക്കള്‍ : ശശി. ചന്ദ്രന്‍, ജയന്‍(മൂന്നുപേരും കുമ്പളപ്പള്ളി). മരുമക്കള്‍: രാധാമണി(എടത്തചോട്), ബേബി(കുമ്പളപ്പള്ളി), രമ്യ(ബേത്തൂര്‍ പാറ). സഹോദരങ്ങള്‍: ശാരദ(കാറളം), പരേതരായ വെളുത്തന്‍, മാണിക്യന്‍.