കാസര്‍കോട് മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരെ മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി സംസ്ഥാന പ്രസിഡണ്ടിന് അയച്ച കത്ത് പുറത്ത്

തിരഞ്ഞെടുപ്പുകള്‍ അടുത്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുസ്ലിംലീഗ് നേതാക്കള്‍ക്കിടയിലെ പടല പിണക്കം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്;

Update: 2025-10-06 06:51 GMT

കാസര്‍കോട്: മാസങ്ങളായി കാസര്‍കോട് മുസ്ലിംലീഗില്‍ ഉരുണ്ടുകൂടിയിരുന്ന തര്‍ക്കം ഒടുവില്‍ പൊട്ടിത്തെറിച്ച് പുറത്തേക്ക്. മുസ്ലിംലീഗ് നേതാക്കള്‍ക്കിടയിലെ പടല പിണക്കം രണ്ട് തിരഞ്ഞെടുപ്പുകള്‍ അടുത്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാനെതിരെ കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് അയച്ച കത്ത് പുറത്തായതോടെയാണ് പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ തര്‍ക്കം മറനീക്കി പുറത്തുവന്നത്.

നേരത്തെ മുസ്ലിംലീഗിന്റെ പല യോഗങ്ങളിലും നേതാക്കള്‍ തമ്മിലുള്ള വാക്കേറ്റം പതിവായിരുന്നുവെങ്കിലും മുസ്ലിംലീഗിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരെ താഴെക്കിടയിലുള്ള ഒരു പാര്‍ട്ടി ഭാരവാഹി സംസ്ഥാന അധ്യക്ഷന് പരാതി അയച്ചതോടെ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമാവാനാണ് സാധ്യത.

ഹമീദ് ബെദിര സംസ്ഥാന പ്രസിഡണ്ടിന് അയച്ച പരാതിയില്‍ പറയുന്നത്:

കഴിഞ്ഞ 37 വര്‍ഷമായി പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ഒരാളാണ് ഞാന്‍. മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍-മണ്ഡലം കമ്മിറ്റികളില്‍ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മിറ്റിയില്‍ ഞാന്‍ ജനറല്‍ സെക്രട്ടറിയായി വന്നത് എ. അബ്ദുല്‍ റഹ്‌മാന് ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പല കാരണങ്ങളും പറഞ്ഞ് കുറ്റപ്പെടുത്തുന്നത് പതിവാണെന്നും പൊതുജന മധ്യത്തില്‍ വെച്ച് അടക്കം ചീത്ത പറയുന്നുവെന്നും പരാതിയില്‍ പറയുന്നു. ഇത് തുടര്‍ന്നാല്‍ പരസ്യമായി പ്രതികരിക്കേണ്ട അവസ്ഥയുണ്ടാകുമെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മികച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

ജില്ലാ ജനറല്‍ സെക്രട്ടറിക്കെതിരെ പരാതി അയച്ചത് മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മിറ്റി ചര്‍ച്ച ചെയ്തിട്ടാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കാസര്‍കോട് നഗരസഭയില്‍ ജനപ്രതിനിധികള്‍ക്കടക്കം ഇടയിലുണ്ടായ സ്വഭാവദൂഷ്യവും പേര് ദോഷവും സംബന്ധിച്ച് എന്ത് നടപടിയാണ് മുനിസിപ്പല്‍ കമ്മിറ്റി സ്വീകരിച്ചതെന്നും ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ചോദിക്കുന്നുണ്ട്.

പാര്‍ട്ടി നേതാക്കളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വ്യാപകമായി പണപ്പിരിവ് നടത്തിയതടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വം അന്വേഷിക്കട്ടേയെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Similar News